പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നു Source: India Today
CRIME

വിവാഹാഭ്യർഥന നിരസിച്ചതിന് പിന്നാലെ വീടിന് തീയിട്ട് യുവാവ്; ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ

വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

പഞ്ചാബ്: ജലന്ധറിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ യുവതിയുടെ വീടിന് തീയിട്ട് പച്ചക്കറിക്കടക്കാരൻ. സുഖ് വീന്ദർ കൗർ എന്ന യുവതിയുടെ വീടിനാണ് ഇയാൾ തീയിട്ടത്. സംഭവത്തിൽ സുഖ് വീന്ദറിനും രണ്ട് കുട്ടികൾക്കും ഗുരുതരമായി പൊള്ളലേറ്റു.

ജലന്ധറിൽ രാമ മണ്ടി ഫേസ്-2ലെ ഏക്താ നഗറിലാണ് ശനിയാഴ്ച പെട്രോളാക്രമണം ഉണ്ടായത്. വാടകവീട്ടിൽ താമസിച്ചിരുന്ന യുവതി ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്. വീട്ടിലുണ്ടായിരുന്ന രണ്ട കുട്ടികൾക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

വീട്ടിൽ പച്ചക്കറി എത്തിച്ചിരുന്നയാൾ സുഖ് വീന്ദറിനോട് നിരന്തരം വിവാഹാഭ്യർഥന നടത്തിയിരുന്നെന്ന് യുവതിയുടെ അമ്മ പറയുന്നു. പിന്നീട് അഭ്യർഥന ഒരു ശല്യപ്പെടുത്തലായി മാറി. പലപ്പോഴും ഇയാളോട് സുഖ് വീന്ദറിന് ദേഷ്യപ്പെടേണ്ട സാഹചര്യമുണ്ടായി. ഒരു ദിവസം ആവശ്യപ്പെടാതെ തന്നെ പച്ചക്കറിയുമായെത്തി വിവാഹാഭ്യർഥന നടത്തിയ ആളോട് യുവതി മേലിൽ ഇവിടെ വരരുതെന്ന് ആവശ്യപ്പെട്ടു. തുടർന്ന് വലിയ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടയിൽ സുഖ് വീന്ദർ പച്ചക്കറിക്കടക്കാരനെ തല്ലി.

പിന്നാലെയാണ് ജലന്ധറിനെ ഞെട്ടിച്ച ക്രൂരമായ പെട്രോളാക്രമണം നടന്നത്. രാത്രി പച്ചക്കറിക്കച്ചവടം നടത്തിയിരുന്നയാളും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ വീടിന് പുറത്തെത്തി. പെട്രോൾ നിറച്ച കുപ്പികളുമായാണ് എത്തിയത്. വീടിന്റെ മതിൽ ചാടിക്കടന്ന അക്രമികൾ പെട്രോൾ കുപ്പിയിൽ തീപകർന്ന് സുഖ് വീന്ദർ താമസിച്ചിരുന്ന വീട്ടിലേക്കെറിയുകയായിരുന്നു. ഒരിക്കലല്ല പലതവണ ആക്രമണം തുടർന്നു.

ആക്രമണത്തിൽ സുഖ് വീന്ദറിന് ഗുരുതരമായി പൊള്ളലേറ്റു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്കും സാരമായി പൊള്ളലേറ്റു. ആക്രമണത്തിന് പിന്നാലെ മൂന്ന് പേരെയും അടുത്തുള്ള സിവിൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ സുഖ് വീന്ദറിന്റെ നില മോശമായതിനെ തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണ വിവരമറിഞ്ഞ് രാമ മണ്ടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സംഭവസ്ഥലത്തെത്തി. എന്നാൽ അക്രമികൾ അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അക്രമിയുടെ പേര് വിവരങ്ങളടക്കം ഇവരെ പിടികൂടുന്നതിനുപിന്നാലെ അറിയിക്കാമെന്ന് മാധ്യമങ്ങളോട് പൊലീസ് അധികാരികൾ പറഞ്ഞു.

SCROLL FOR NEXT