കൊച്ചി: വൈറ്റിലയിൽ ബാറിൽ അതിക്രമം നടത്തിയ സംഘം പിടിയിൽ. യുവതിയടക്കം മൂന്ന് പേരെയാണ് മരട് പൊലീസ് പിടികൂടിയത്. പ്രതികൾ വടിവാളുമായി നടക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
കഴിഞ്ഞ 16 ാം തീയ്യതിയായിരുന്നു സംഭവം. വൈറ്റിലയിലെ ജെവീകെ പാർക്ക് എന്ന ബാറിൽ മദ്യപിക്കാനെത്തിയ യുവതി അടക്കമുള്ള സംഘമാണ് അക്രമം അഴിച്ച് വിട്ടത്. കേസിൽ അലീന, ഷഹിൻ ഷാ, അൽ അമീൻ എന്നിവരാണ് പിടിയിലായി. പ്രതികളിലൊരാളായ അലീനയും ബാറിലുണ്ടായിരുന്ന മറ്റൊരാളും തമ്മിൽ തർക്കം ഉണ്ടായി. ബാർ ജീവനക്കാർ ഇത് ചോദ്യം ചെയ്തതതാണ് സംഘർഷത്തിൽ കലാശിച്ചത്.
ബാർ ഉടമ നൽകിയ പരാതിയിലാണ് നാല് പേർക്കെതിരെ കേസ് എടുത്തത്. പുറത്ത് പോയ അലീനയും സുഹൃത്തുക്കളും വടിവാളുമായാണ് തിരികെ എത്തിയത്. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. സംഘർഷത്തിൽ പ്രതികൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എറണാകുളത്ത് പഠനാവശ്യങ്ങൾക്കായി എത്തിയവരാണ് പ്രതികൾ .