പത്തനംതിട്ട: ചരൽക്കുന്നിൽ യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി കൊടും ക്രൂരത. സമാനതകൾ ഇല്ലാത്ത പീഡനമാണ് ആലപ്പുഴ, റാന്നി സ്വദേശികൾ നേരിട്ടത്. യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചായിരുന്നു പീഡനം. പിന്നാലെ കെട്ടിത്തൂക്കി അതിക്രൂര മർദനത്തിന് ഇരയാക്കി. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പ്രതികൾ. ഇരുവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
സെപ്തംബർ ഒന്നാം തിയതിയാണ് അതിക്രൂര സംഭവം നടക്കുന്നത്. രണ്ടാം പ്രതി രശ്മിയാണ് ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് വീട്ടിലേക്ക് ക്ഷണിക്കുന്നത്. തുടർന്ന് ഒന്നാം പ്രതി ജയേഷ് റാന്നി സ്വദേശിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. പിന്നാലെ യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു.
അഭിനയിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുക്കയും ചെയ്തിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കഴുത്തിൽ കത്തി വെച്ചായിരുന്നു ആക്രമണം. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചുകേറ്റിയ ശേഷം, ഇരുമ്പുവടി കൊണ്ട് മർദിക്കുകയും ചെയ്തു.
കമ്പിവടികൊണ്ട് പുറത്തും കൈമുട്ടിനും കാലിനും ശക്തിയായി അടിച്ചുവേദനിപ്പിച്ചെന്നും കരഞ്ഞാൽ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി. കൈകളിൽ കയര്‍ കെട്ടിയശേഷം വീടിന്‍റെ ഉത്തരത്തിൽ കെട്ടിത്തൂക്കിയും കട്ടിങ് പ്ലയര്‍കൊണ്ട് മോതിരവിരലിൽ അമര്‍ത്തിയും പീഡനം തുടര്‍ന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
പ്രതികൾ സൈക്കോ മനോനിലയുള്ളവരാണെന്നാണ് ആറന്മുള പൊലീസ് പറയുന്നത്. ഇരയാക്കപ്പെട്ടവരിൽ നിന്ന് മൊബൈൽ ഫോണും പണവും തട്ടിയെടുത്തെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. സംഭവങ്ങൾ കേട്ട് ദൃശ്യങ്ങൾ കണ്ട ജഡ്ജി പോലും ഞെട്ടി പോയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.