NEWSROOM

ഡൈവിങ്ങിന് അനുമതി കിട്ടുന്നില്ല, ഡ്രഡ്ജിങ്ങ് മെഷീനും വേണം; അർജുന്റെ കുടുംബത്തോട് ഈശ്വർ മാല്‍പെ

ഷിരൂരിലെ നിലവിലെ സാഹചര്യം കുടുംബത്തെ അറിയിക്കുകയും, അർജുനെ കണ്ടെത്തുമെന്ന് കുടുംബത്തിന് വാക്ക് നൽകുകയും ചെയ്തു

Author : ന്യൂസ് ഡെസ്ക്


ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബത്തെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാല്‍പെ സന്ദർശിച്ചു. അർജുനായുള്ള തെരച്ചിലിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കുടുംബവുമായി ഈശ്വർ മാല്‍പെ കൂടിക്കാഴ്‌ച നടത്തിയത്. സഹ ഡൈവർമാരും മറ്റ് സംഘാംഗങ്ങളും മാൽപെയ്ക്കൊപ്പം ഉണ്ടായിരുന്നു.

കോഴിക്കോട് കണ്ണാടിക്കലെ അർജുൻ്റെ വീട്ടിൽ എത്തിയ മൽപെ ഷിരൂരിലെ നിലവിലെ സാഹചര്യം അറിയിക്കുകയും, അർജുനെ കണ്ടെത്തുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തു. തെരച്ചിലിനായി ഡൈവിങ്ങിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിങ്ങ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ ഇനി തെരച്ചിൽ സാധ്യമാകൂ എന്നും മാൽപെ അറിയിച്ചു.

ALSO READ: 'ചന്ദ്രന്റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത് ' ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെ...

പലതവണ അര്‍ജുന് വേണ്ടി ഗംഗാവലി പുഴയിൽ തെരച്ചില്‍ നടത്തിയ ആളാണ് മാല്‍പെ. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്‌ച പുഴയിൽ ഇറങ്ങിയ ഈശ്വർ മാൽപെയ്ക്കും സംഘത്തിനും കാഴ്‌ചാ പരിമിതിമൂലം തെരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു.

ഗംഗാവലി പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിക്കുകയും, കലങ്ങുകയും ചെയ്‌തതോടെ മുങ്ങിയുള്ള പരിശോധന ദുഷ്കരമാണ്. പുഴയിൽ മണ്ണും കല്ലും അടിഞ്ഞു കൂടിയതിനാൽ ഡ്രെഡ്‌ജ് ചെയ്യാതെ തെരച്ചിൽ സാധ്യമാകില്ല. ഷിരൂരിൽ ഇനി തെരച്ചിൽ തുടരണമെങ്കിൽ 30 അടി താഴ്ചയിൽ മണ്ണ് നീക്കണം. അതിന് ഡ്രഡ്ജർ എത്തണം.

എന്നാൽ അഞ്ച് ദിവസം കൊണ്ട് എത്തുമെന്ന് പറഞ്ഞ ഡ്രഡ്ജർ ഇതുവരെയും എത്തിയിട്ടില്ല. ഡ്രഡ്ജർ കൊണ്ടുവരാൻ ഫണ്ടില്ല എന്ന നിലപാടാണ് കർണാടക സർക്കാരിന്റേത്. അതുകൊണ്ടുതന്നെ വിഷയത്തിൽ എത്രയും പെട്ടെന്ന് കേരള സർക്കാർ ഇടപെടണമെന്ന് മാൽപേയും സംഘവും ആവശ്യപ്പെട്ടു. 

SCROLL FOR NEXT