NEWSROOM

'ഇനിയും സമയം പാഴാക്കാനില്ല'; കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ കൊലപാതകക്കേസ് ഏറ്റെടുത്ത് സിബിഐ

ആശുപത്രി അഡ്മിനിസ്ട്രേഷൻ ഇരയുടെയോ ഇരയുടെ കുടുംബത്തിന്റെയോ ഒപ്പം ആയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത ആർജി കർ ആശുപത്രിയിൽ ക്രൂര പീഡനത്തിനിരയായി യുവ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. കേസ് സിബിഐക്ക് കൈമാറണം എന്ന് കോടതി വിധി വന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോള്‍ തന്നെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഡോക്ടർ കൊല്ലപ്പെട്ട കേസിൽ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച്ച ഉണ്ടായതായി കോടതി ചൂണ്ടി കാട്ടിയിരുന്നു. ഏതെങ്കിലും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ കോടതി രൂക്ഷമായി വിമർശിച്ചു. മുൻ പ്രിൻസിപ്പൽ രാജിവെച്ച് മണിക്കൂറുകൾക്ക് ശേഷം മറ്റൊരു കോളേജിൽ അതേസ്ഥാനം നൽകിയെന്നും കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ ഉടൻ ചുമതലകളിൽ നിന്ന് ഒഴിവാക്കി അവധിയിൽ അയയ്‌ക്കണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സന്ദീപ് ഘോഷ് സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന അധിക്ഷേപങ്ങള്‍ സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ് സ്ഥാനം ഒഴിയുന്നത്. പിന്നീട്, മണിക്കൂറുകൾക്ക് ശേഷം ഇയാളെ കൊല്‍ക്കത്ത മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായി നിയമിച്ചു.

"ഏത് സാഹചര്യത്തിലാണ് രാജി നൽകിയതെന്ന് ഉചിതമായ അതോറിറ്റി മനസിലാക്കണമായിരുന്നു. പ്രിസിപ്പലിന്റെ രാജി സ്വീകരിചില്ലെങ്കിലും ഇയാളെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകളിൽ നിന്നും ഒഴിവാക്കണമായിരുന്നു. എന്നാൽ എന്തിനാണ് ഇയാളെ മറ്റൊരു കോളേജിലെ പ്രിൻസിപ്പൽ ആക്കിയതെന്ന് വ്യക്തമല്ല." എന്നാണ് കോടതി പ്രതികരിച്ചത്. ഈ വിഷയത്തിൽ  പ്രിൻസിപ്പലിന്റെ മൊഴിയായിരുന്നു ആദ്യം രേഖപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ, ഇത് വരെ അത് ഉണ്ടായില്ല. അതിൽ സംശയാസ്പദമായി എന്തോ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.


ആശുപത്രി അഡ്മിനിസ്ട്രേഷൻ ഇരയുടെയോ ഇരയുടെ കുടുംബത്തിന്റെയോ ഒപ്പം ആയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് സാധാരണ കേസ് പോലെയല്ലെന്നും ഇതിൽ കൂടുതൽ സമയം കളയാനില്ലെന്നും കോടതി പറഞ്ഞു. സമയം കളഞ്ഞാൽ അത് തെളിവുകൾ നശിപ്പിക്കപ്പെടാൻ കാരണമാകുമെന്നും കോടതി പറഞ്ഞു.

ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിനിയാണ് കോളേജിൽ വെച്ച് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മൃതദേഹം മെഡിക്കല്‍ കോളേജിന്‍റെ സെമിനാര്‍ ഹാളില്‍ നിന്നും വെള്ളിയാഴ്ച കണ്ടെത്തുകയായിരുന്നു. വിദ്യാർഥിനി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതേ ആരോപണം കുടുംബവും നേരത്തെ ഉന്നയിച്ചിരുന്നു.

SCROLL FOR NEXT