സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമാണെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നെന്ന തരത്തില്‍ വന്ന മുന്നറിയിപ്പ് വലിയ ചർച്ചകള്‍ക്ക് കാരണമായിരുന്നു. സിഗരറ്റിന് നല്‍കുന്ന മുന്നറിയിപ്പുകള്‍ പോലെ സമൂസയ്ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ടെന്നാണ് പ്രചരിച്ച വാർത്ത. ഈ 'മുന്നറിയിപ്പ്' വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായി. പ്രത്യേകിച്ച് തെരുവ് ഭക്ഷണ വില്‍പ്പനക്കാർക്കിടയില്‍.
എന്നാല്‍, പ്രസ് ഇന്‍ഫൊർമേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് വിഭാഗവും ആരോഗ്യ മന്ത്രാലയവും ഇതിന് വ്യക്തത വരുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പലഹാരങ്ങള്‍ക്ക് മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് വില്‍പ്പനക്കാരോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പിഐബി പറയുന്നത്. പ്രചരിച്ച വാർത്തകള്‍ തെറ്റാണ്!
"കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അഡ്വൈസറിയില്‍, കച്ചവടക്കാർ വില്‍ക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് പറയുന്നില്ല, ഇന്ത്യൻ പലഹാരങ്ങളോട് പക്ഷപാതപരമായി പെരുമാറിയിട്ടുമില്ല. ചില മാധ്യമ റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക് ആരോഗ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു," പിഐബി എക്സിൽ കുറിച്ചു.
സർക്കാർ നടപടിയെ പൊതുവായി നല്‍കിയ ഉപദേശം എന്നാണ് പിഐബി വിശേഷിപ്പിച്ചത്. "എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളിലും മറഞ്ഞിരിക്കുന്ന കൊഴുപ്പിനെയും അധിക പഞ്ചസാരയെയും കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനുള്ള ഒരു പെരുമാറ്റപരമായ സൂചനയായിരുന്നു അത്, അല്ലാതെ ഒരു പ്രത്യേക ഭക്ഷ്യ ഉൽപ്പന്നത്തെയും ലക്ഷ്യം വെച്ചല്ല," പിഐബി വ്യക്തമാക്കി. "ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾക്ക് മുൻകൈയെടുക്കുന്നതിനായിരുന്നു ഈ ഉപദേശം. ആരോഗ്യകരമായ ഭക്ഷണരീതിയിലേക്കും ജീവിതത്തിലേക്കും മാറുന്നതിനായി അധിക എണ്ണയും പഞ്ചസാരയും കുറയ്ക്കാൻ ഇത് ആളുകളെ പ്രേരിപ്പിക്കും. ഇത് ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ലക്ഷ്യം വെച്ചുള്ളതല്ല," പിഐബി കൂട്ടിച്ചേർത്തു.
ജോലിസ്ഥലങ്ങളിൽ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനായി പ്രത്യേകം ഒരു അഡ്വൈസറിയും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു. "ഓയിൽ ആൻഡ് ഷുഗർ ബോർഡുകൾ" സ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ സർക്കുലർ. സാധാരണ ലഘുഭക്ഷണങ്ങളിൽ എത്ര അളവില്‍ കൊഴുപ്പും പഞ്ചസാരയും മറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ബോർഡുകളാണിവ.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും അമിതവണ്ണവും പകർച്ചവ്യാധി ഇതര രോഗങ്ങള്‍ തടയുന്നതിനുമായി സമൂസ, കച്ചോരി, പിസ്സ, ബർഗർ, ഫ്രഞ്ച് ഫ്രൈസ്, സോഫ്റ്റ് ഡ്രിങ്കുകൾ, ഗുലാബ് ജാമുൻ, വടാപാവ് തുടങ്ങിയ ലഘുഭക്ഷണങ്ങളിലെ പഞ്ചസാരയുടെയും എണ്ണയുടെയും അളവ് പരാമർശിക്കുന്ന ബോർഡുകൾ സ്ഥാപിക്കാൻ ആരോഗ്യ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളോടും വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക സ്റ്റേഷനറികളിലും ആരോഗ്യ സന്ദേശങ്ങൾ അച്ചടിക്കാനും മന്ത്രാലയത്തിന്റെ സർക്കുലറില്‍ പറയുന്നു.