NEWSROOM

മത്സ്യബന്ധന യാന രജിസ്ട്രേഷൻ ഫീസുകൾ കുത്തനെ ഉയർത്തി; ഉപരോധവുമായി മത്സ്യത്തൊഴിലാളികൾ

മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ ലൈസൻസ് ഫീസുകൾ കുത്തനെ ഉയർത്തിയതിലും, പെയർ ട്രോളിംഗ് ബോട്ടുകൾ തടയാത്തതിലും പ്രതിഷേധിച്ചാണ് ഉപരോധം

Author : ന്യൂസ് ഡെസ്ക്

ചെല്ലാനത്ത് മത്സ്യഭവൻ ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ ലൈസൻസ് ഫീസുകൾ കുത്തനെ ഉയർത്തിയതിലും, പെയർ ട്രോളിംഗ് ബോട്ടുകൾ തടയാത്തതിലും പ്രതിഷേധിച്ചാണ് ഉപരോധം. ക്ഷേമനിധി വിഹിതത്തിലെ വർധന പിൻവലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിത വർധന പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചെല്ലാനം മത്സ്യഭവൻ ഓഫീസിലേക്കാണ് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മാർച്ച് നടത്തിയത്. തൊഴിലാളികൾ അടയ്‌ക്കേണ്ട വിഹിതത്തിൽ അപ്രതീക്ഷിതമായി 200 രൂപ വർധനവ് വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. മത്സ്യബന്ധന യാനങ്ങളുടെ വ‌‌ർധിപ്പിച്ച രജിസ്ട്രേഷൻ ഫീസും ലൈസൻസ് ഫീയും പുനഃപരിശോധിക്കനും ഫെഡറേഷൻ ആവശ്യപ്പെട്ടു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന, കടലിനെ ഇളക്കിമറിക്കുന്ന പെയർ ട്രോളിംഗ് ബോട്ടുകൾ തടയാൻ ഫിഷറീസ് വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഫെഡറേഷൻ ആരോപിച്ചു. കെഎസ്‌ടിഎംഎഫ് സംസ്ഥാന പ്രസിഡന്റ് ജാക്സണ്‍ മാ‍ർച്ച് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഡയറക്ടറുമായുള്ള ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ കടൽ ഹർത്താൽ അടക്കമുള്ള ശക്തമായ സമരമുഖത്തേയ്ക്ക് നീങ്ങാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

SCROLL FOR NEXT