വരാനിരിക്കുന്ന വ്യോമാക്രമണങ്ങൾക്ക് മുന്നോടിയായി യുദ്ധം നടക്കുന്ന സെൻട്രൽ ഗാസ, സതേൺ ഗാസ തുടങ്ങിയ പ്രവിശ്യകളിലെ മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്ന് ഒഴിയാൻ പലസ്തീൻ ജനതയ്ക്ക് മുന്നറിയിപ്പ് നൽകി ഇസ്രയേൽ സൈന്യം. നിലവിൽ പതിനായിരക്കണക്കിന് പലസ്തീനുകാർ അഭയകേന്ദ്രമായി കണ്ട് പാർക്കുന്ന ഇടമാണിത്.
ഹമാസിൻ്റെ നേതൃത്വത്തിലുള്ള മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങൾക്ക് വേണ്ടി ഈ പ്രദേശങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് ഇസ്രയേൽ സേന ആരോപിക്കുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. തെക്കൻ നഗരമായ ഖാൻ യൂനിസിൻ്റെ വടക്ക് ഭാഗത്തും, ഗാസയുടെ മറ്റു ഭാഗങ്ങളിൽ യുദ്ധത്തിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾ അഭയം തേടിയ ദേർ അൽ-ബലാഹിൻ്റെ കിഴക്കൻ ഭാഗത്തും, ഇസ്രയേൽ സേന വ്യോമാക്രമണ മുന്നറിയിപ്പ് സന്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സാധാരണക്കാരായ ജനങ്ങൾക്ക് നേരിടാവുന്ന ആഘാതം ലഘൂകരിക്കുന്നതിനും യുദ്ധമേഖലയിൽ നിന്ന് മാറാൻ അവരെ പ്രാപ്തരാക്കുന്നതിനുമാണ് മുൻകൂർ മുന്നറിയിപ്പ് നൽകുന്നതെന്ന് സൈന്യം റോയിട്ടേഴ്‌സിന് നൽകിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വ്യാഴാഴ്ച കിസുഫിം കമ്മ്യൂണിറ്റിക്ക് നേരെ റോക്കറ്റുകൾ തൊടുത്ത ഖാൻ യൂനിസിലെ ഒരു ഭാഗത്തേക്ക് തങ്ങൾ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹാൻഡ് മിസൈലുകളും സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയെന്നും ഗാസ അറിയിച്ചു.
അതേസമയം, ലെബനൻ നഗരമായ ടയറിന് വടക്ക് ഭാഗത്ത് ഒരു വാഹനത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതായി ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൽപസമയം മുമ്പ് ടയറിന് വടക്കുള്ള ഖാസ്മിയേ ഗ്രാമത്തിന് സമീപമാണ് ഒരു കാറിന് നേരെ വ്യോമാക്രമണം ഉണ്ടായത്. സംഭവത്തിൽ ഒന്നിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.
READ MORE: ഇസ്രയേലിൻ്റെ സൈനിക നടപടികൾക്ക് പലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്