NEWSROOM

ഗാസ വെടിനിർത്തൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഹമാസ്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് ഇസ്രയേൽ ചർച്ചയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

വ്യാഴാഴ്ച ഖത്തറിൽ നടക്കാനിരിക്കുന്ന ഗാസ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട പുതിയ ചർച്ചകളിൽ ഹമാസ് പങ്കെടുക്കില്ലെന്ന് ഹമാസ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് ഇസ്രയേൽ ചർച്ചയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, മധ്യസ്ഥരുമായി ഹമാസ് പിന്നീട് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഹമാസ് നേതാവായ ഇസ്മായിൽ ഹനിയയുടെ തെഹ്‌റാനിലെ കൊലപാതകത്തിന് പ്രതികാരം ചെയ്യരുതെന്ന പാശ്ചാത്യ ശക്തികളുടെ ആഹ്വാനങ്ങൾ ഇറാൻ ഈ ആഴ്ച നിരസിച്ചിരുന്നു.

ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം നടത്തുന്നതോടെ ഗാസയിൽ വീണ്ടും വ്യാപകമായ സംഘട്ടനത്തിന് വഴിവെക്കുമെന്നാണ് കരുതുന്നത്.ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട പുരോഗതി ഇതിൽ മാറ്റമുണ്ടാക്കിയേക്കും. വെടിനിർത്തൽ ധാരണയായാൽ ഇസ്രയേലിനെതിരെ തൽക്കാലം ആക്രമണം ഉണ്ടാകില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

കൂടുതൽ ചർച്ചകളിലേക്കും പുതിയ നിർദേശങ്ങളിലേക്കും പോകുന്നതിനുപകരം ബൈഡൻ്റെ നിർദേശത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ മാസം അംഗീകരിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ യുഎസ്, ഈജിപ്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർ പദ്ധതി സമർപ്പിക്കണമെന്ന് ഞായറാഴ്ച ഒരു പ്രസ്താവനയിൽ ഹമാസ് പറഞ്ഞിരുന്നു.

കഴിഞ്ഞ 10 മാസമായി ഗാസയില്‍ തുടരുന്ന യുദ്ധം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. യുദ്ധം 40,000 പേരെ ബാധിച്ചതായാണ് ഹമാസിന്‍റെ ആരോഗ്യ വിഭാഗം നല്‍കുന്ന കണക്കുകള്‍.

SCROLL FOR NEXT