സംസ്ഥാനത്ത് രണ്ടിടത്ത് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം. തിരുവനന്തപുരത്തും പന്തളത്തുമാണ് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ തർക്കം ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷിൻ്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിച്ചതിനാണ് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ആഷിക്ക്, ക്യാമറാമാന്‍ സിജോ സുധാകരന്‍, ഡ്രൈവര്‍ സജിന്‍ലാല്‍ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. തർക്കം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം നടത്തിയത്.
READ MORE: കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം; കൊലപാതകത്തിന് ശേഷം വീട്ടിലെത്തി വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി പ്രതി
പത്തനംതിട്ട പന്തളത്ത് കോൺഗ്രസ് പ്രവർത്തകരാണ് മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കൈരളി റിപ്പോർട്ടർ സുജു ടി. ബാബുവിന് നേരെയാണ് കയ്യേറ്റ ശ്രമം. തുമ്പമൺ സംഘർഷത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിനോട് ചോദ്യം ചോദിക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
അതേസമയം പന്തളത്തെ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുണ്ടായ കയ്യേറ്റത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും അപലപിച്ചു.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള വെല്ലുവിളികൾ ജനാധിപത്യ നാടിന് ചേർന്നതല്ല,രാഷ്ട്രീയ നേതാക്കളോട് ചോദ്യങ്ങൾ ചോദിക്കുക എന്നത് മാധ്യമപ്രവർത്തനത്തിൻ്റെ ഭാഗമാണ്.അതിനെ കൈയ്യൂക്ക് കൊണ്ട് നേരിടാനുള്ള ശ്രമം അപലനീയമാണ്.കോൺഗ്രസ് പ്രവർത്തകരുടെ അപക്വമായ പെരുമാറ്റത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി കെ യു ഡബ്യു ജെ പത്തനംതിട്ട പ്രസ്താവനയിൽ പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌ത നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ ശക്തമായ നടപടി വേണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോടും, ചീഫ് സെക്രട്ടറിയോടും യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫനും, സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.