വയനാട് ഉരുൾപൊട്ടലിൻ്റെ ദൃശ്യങ്ങൾ Source: Facebook/ District Information Office Wayanad
NEWSROOM

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ധനസഹായം അനുവദിച്ചു

സംസ്ഥാന ദുരന്ത നിവാരണനിധിയിൽ നിന്നുള്ള വിഹിതവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതവും ചേർത്താണ് ആവശ്യപ്പെട്ട തുക സർക്കാർ അനുവദിച്ചത്.

Author : ന്യൂസ് ഡെസ്ക്

മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൻ്റെ ഭാഗമായി ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്നവർക്ക് ധനസഹായം അനുവദിച്ചു. ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്കും, വിലങ്ങാട്ടിൽ പുനരധിവസിപ്പിക്കേണ്ട ദുരന്തബാധിത കുടുംബങ്ങൾക്കും 15 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

പുനരനധിവാസത്തിനുള്ള ഫെയ്‌സ് 1, ഫെയ്‌സ് 2A, ഫെയ്‌സ് 2B ലിസ്റ്റുകളിൽ ഉൾപ്പെട്ട 402 ഗുണഭോക്താക്കളിൽ, സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കുവാൻ സമ്മതം അറിയിച്ചിട്ടുള്ള ദുരന്തബാധിതരായ 107 കുടുംബങ്ങൾക്ക് മാത്രമായി 15 ലക്ഷം രൂപ നൽകുന്നതിനായി പതിനാറ് കോടി അഞ്ച് ലക്ഷം രൂപ അനുവദിക്കണമെന്ന് വയനാട് ജില്ലാ കളക്ടർ സർക്കാരിന് മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു.

ഇക്കാര്യങ്ങൾ പരിശോധിച്ചാണ് സർക്കാർ തുക അനുവദിച്ചത്. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള വിഹിതവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതവും ചേർത്താണ് ആവശ്യപ്പെട്ട തുക സർക്കാർ അനുവദിച്ചത്.

ദുരന്തത്തിന് പിന്നാലെയുള്ള സർക്കാരിന്റെ പ്രധാന പ്രഖ്യാപനമായിരുന്നു പുനരധിവാസത്തിന്റെ ഭാ​ഗമായി നിർമിക്കുന്ന ടൗൺഷിപ്പ്. ദുരന്ത ബാധിതർക്ക് ഒരുമിച്ച് പുനരധിവാസം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ടൗൺഷിപ്പ് എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയത്. നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റിലായി രണ്ട് ടൗൺഷിപ്പ് എന്നതായിരുന്നു ആദ്യ പ്രഖ്യാപനം.

പിന്നീട് ദുരന്തനിവാരണ നിയമപ്രകാരം സർക്കാർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. എന്നാൽ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചു. ഇതോടെ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലേക്ക് ടൗൺഷിപ്പ് ചുരുങ്ങുകയായിരുന്നു. ഒടുവിൽ ഡിസംബർ 27നാണ് കോടതിയുടെ അനുമതി കിട്ടുന്നത്. പിന്നീട് മൂന്ന് മാസം കൊണ്ടാണ് സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം കോടതിയിൽ 26 കോടി രൂപ കെട്ടി വെച്ചാണ് സർക്കാർ ഭൂമി ഏറ്റെടുത്തത് നിർമാണം പൂർത്തിയാക്കണമെന്നാണ് ദുരന്തഭൂമിയിലുള്ളവരുടെ പ്രധാന ആവശ്യം.

ടൗണ്‍ഷിപ്പില്‍ വീടുകള്‍ക്ക് പുറമെ, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയുമുണ്ടാകും. 1000 ചതുരശ്രയടിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ടൗണ്‍ഷിപ്പിലെ വീടിന്റെ ഭാഗമായി ഉള്‍പ്പെടുന്നത്. ഡിസംബറിൽ വീട് നിർമാണവും മാർച്ചോടെ മറ്റ് നിർമാണങ്ങളും പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

SCROLL FOR NEXT