Source: Files
KERALA

പത്മകുമാറിൻ്റെ വെളിപ്പെടുത്തൽ: ശബരിമല യുവതീപ്രവേശന സമയത്ത് മാറ്റിനിർത്തിയിട്ടില്ലെന്ന് പിണറായി; മറുപടി പറയേണ്ട കാര്യമില്ലെന്ന് എം.വി. ഗോവിന്ദൻ

പത്മകുമാർ ആത്മകഥ എഴുതിയാലും പാർട്ടി എടുക്കുന്ന നിലപാടിൽ മാറ്റമില്ലെന്നും പിണറായി വിജയൻ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന സമയത്ത് എ. പത്മകുമാറിനെ മാറ്റിനിർത്തിയെന്ന വാദം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റിനിർത്തിയിട്ടില്ല. അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും വിശദീകരണം. ആത്മകഥ എഴുതിയാലും പാർട്ടി എടുക്കുന്ന നിലപാടിൽ മാറ്റമില്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു.

എ. പത്മകുമാറിനെതിരെ സിപിഐഎം നടപടി കടുപ്പിക്കുമെന്ന് സൂചനയുണ്ട്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് അടക്കം കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. പത്മകുമാറിന്റെ വെളിപ്പെടുത്തലിൽ സിപിഐഎം മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു പത്മകുമാർ പാർട്ടി നടപടി നേരിടുന്നയാളെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയുമായ എ. പത്മകുമാറിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം. ദേവസ്വം രേഖകളിൽ ചെമ്പെന്ന് എഴുതിയത് മറ്റാരോ ആണെന്നും, ശേഷം തന്നെ രേഖകളിൽ തന്നെ ഒപ്പിടാൻ നിർബന്ധിക്കുകയാണ് ഉണ്ടായതെന്നും പത്മകുമാർ വ്യക്തമാക്കി. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാർ വെളിപ്പെടുത്തൽ നടത്തിയത്. ശബരിമല യുവതീപ്രവേശന ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തി. ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ഒരു ഉന്നത വ്യക്തി ആവശ്യപ്പെട്ടു. എന്നാൽ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ല. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത് എന്നും പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണ് ഇതിന് പിന്നിലെന്നും പത്മകുമാർ പറഞ്ഞിരുന്നു. യുവതീപ്രവേശന കാലത്തെ സംഭവങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SCROLL FOR NEXT