കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മരിച്ച ബിന്ദു Source: News Malayalam 24x7
KERALA

കോട്ടയം മെഡിക്കൽ കോളേജിലെ അപകടം: നഷ്ടമായത് ഒരു കുടുംബത്തിന്റെ ആശ്രയം; ബിന്ദുവിന്റെ വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ നാട്

മകളുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ബിന്ദു തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്ന 85 വയസുള്ള അമ്മ സീതാലക്ഷ്മിയെ തേടി എത്തിയത് മകളുടെ വിയോഗ വാർത്തയാണ്

Author : ന്യൂസ് ഡെസ്ക്

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ ആണ് തലയോലപ്പറമ്പിലെ ഉമ്മാങ്കുന്ന് എന്ന ഗ്രാമം. കുടുംബത്തിന്റെ അത്താണി ആയിരുന്ന ബിന്ദുവിന്റെ വേർപാട് ഇവർക്ക് ഉൾക്കൊള്ളാൻ ആകുന്നില്ല. അപകടം ഉണ്ടായ ഉടനെ കാര്യക്ഷമമായ പരിശോധന നടത്തിയിരുന്നു എങ്കിൽ ബിന്ദുവിനെ രക്ഷിക്കാമായിരുന്നു എന്നാണ് ഇവർ ഒന്നടങ്കം പറയുന്നത്.

ബിന്ദുവിൻ്റെ മകൾ നവമി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ കിടത്തി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകളുമായി ആശുപത്രിയിൽ എത്തിയത്. രാവിലെ കുളിക്കാനായി പതിനാലാം വാർഡില്‍ എത്തിയതായിരുന്നു ബിന്ദു. അപ്പോഴാണ് കെട്ടിടം തകർന്ന് വീണത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്നായിരുന്നു ആദ്യ നിഗമനം. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍ എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ സേനയും പൊലീസും വിശദമായ തിരച്ചില്‍ തുടങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

മകളുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ബിന്ദു തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്ന 85 വയസുള്ള അമ്മ സീതാലക്ഷ്മിയെ തേടി എത്തിയത് മകളുടെ വിയോഗ വാർത്തയാണ്. വാവിട്ടു കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാൻ സമീപവാസികൾക്കും ആയില്ല.

തലയോലപ്പറമ്പിലെ തുണിക്കടയിൽ ജോലിക്കാരി ആയിരുന്നു ബിന്ദു. ഇന്നലെയും ആശുപത്രിയിൽ നിന്ന് ബിന്ദു വിശേഷങ്ങൾ പറഞ്ഞു വിളിച്ചിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് നടുവിൽ മക്കളെ പഠിപ്പിക്കാൻ ഏറെ കഷ്ടപ്പാടുകൾ സഹിച്ച ആളാണ് ബിന്ദു എന്നും ഇവർ ഓർത്തെടുക്കുന്നു.

ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ കെട്ടിട നിർമാണ തൊഴിലാളിയാണ്. മഴക്കാലത്ത് ഭർത്താവിന് പണി ഇല്ലാതെ ആയതോടെ ബിന്ദുവിന്റെ വരുമാനം ആയിരുന്നു അഞ്ചംഗ കുടുംബത്തിന്റെ ആശ്രയം. രക്ഷപ്രവർത്തനത്തിലെ വീഴ്ചയാണ് ബിന്ദുവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് സമീപവാസികൾ കുറ്റപ്പെടുത്തി.

ആന്ധ്രാ അപ്പോളോ ഹോസ്പിറ്റലിൽ നാലാം വർഷ ബിഎസ്‌‌സി നേഴ്സിങ് വിദ്യാർഥിനിയാണ് മകൾ നവമി. മകൻ നവനീത് എഞ്ചിനീയറിങ് പഠനം കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചതേ ഉള്ളൂ. സ്വപ്നങ്ങള്‍ ഒരുപാട് ബാക്കിവെച്ചാണ് അപ്രതീക്ഷിതമായുള്ള ബിന്ദുവിന്റെ വിയോഗം.

SCROLL FOR NEXT