എറണാകുളം: നടിയെ ആക്രമിച്ച കേസ് 2018 മുതല്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നിന്ന് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡൂഷ്യറി) ആണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ഗ്രീന്‍ കേരളാ ന്യൂസിന്റെ എഡിറ്ററും മാധ്യമ പ്രവർത്തകനുമായ എം.ആർ. അജയന്റെ ഹർജിയിലാണ് നടപടി. വിചാരണ അവസാനിപ്പിക്കുന്നതിൽ കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഹർജി.
മലയാള സിനിമാ താരം ദിലീപ് കേസിലെ ആറ് പ്രതികളില്‍ ഒരാളാണ്. 2017 ഫെബ്രുവരിയിൽ, കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെച്ച് അതിജീവിതയായ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം. 2017ല്‍ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 88 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് നടന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. "ആറു മാസത്തിനുള്ളിൽ", അതായത് 2023 ജനുവരി 31നകം വിചാരണ പൂർത്തിയാക്കാനായിരുന്നു നിർദേശം. 2019 നവംബറിൽ, ലൈംഗിക കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയതായി ആരോപിക്കപ്പെടുന്ന മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്ന ദിലീപിന്റെ അപേക്ഷ നിരസിച്ചുകൊണ്ടാണ് സുപ്രീ കോടതി വിചാരണ വേഗത്തില്‍ പൂർത്തീകരിക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ പിന്നീട് വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി സമയം നീട്ടി നൽകുകയും നടപടികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. 2024 മാർച്ച് 31 വരെ സമയം ആവശ്യപ്പെട്ട് വിചാരണ ജഡ്ജി സമർപ്പിച്ച അപേക്ഷയിലായിരുന്നു ഉത്തരവ്.