KERALA

'ക്വട്ടേഷന് ഗൂഢാലോചന നടന്നത് ഏഴ് ഇടങ്ങളിലായി'; ദിലീപിനെതിരെ നിർണായക തെളിവുകളുമായി അന്വേഷണസംഘം

ദിലീപിൻ്റെ കാരവാനിൽ ആയിരുന്നു പ്രധാന ഗൂഢാലോചന നടന്നതെന്ന് അന്വേഷണം സംഘം കണ്ടെത്തി.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളായ ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയെന്ന എസ്ഐടി കണ്ടെത്തലിൻ്റെ നിർണായക വിവരങ്ങൾ ന്യൂസ് മലയാളത്തിന്. ഇരുവരും തമ്മിൽ ഗൂഢാലോചന നടത്തിയത് ഏഴ് സ്ഥലങ്ങളിൽ എന്ന് അന്വേഷണസംഘം കണ്ടെത്തി. അബാദ് പ്ലാസയിൽ അമ്മ ഷോ റിഹേഴ്സലിന് ഇടയിലും സൗണ്ട് തോമ, കട്ടപ്പനയിലെ ഋതിക് റോഷൻ, ജോർജ് ഏട്ടൻസ് പൂരം എന്നീ സിനിമ സെറ്റുകളിലും കൂടിക്കാഴ്ച നടന്നു. ദിലീപിൻ്റെ കാരവാനിൽ ആയിരുന്നു പ്രധാന ഗൂഢാലോചന നടന്നതെന്ന് അന്വേഷണം സംഘം കണ്ടെത്തി.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ പൾസർ സുനിയും, ദിലീപും പരസ്പരം വിളിക്കാതിരുന്നത് ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണ് എന്ന് അന്വേഷണസംഘം പറയുന്നു. ബോധപൂർവമായ പദ്ധതിയുടെ ഭാഗമായാണ് നേരിട്ടുള്ള ആശയവിനിമയം ഒഴിവാക്കിയത്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കാനായിരുന്നു ഇത്. സിഡിആർ പരിശോധിച്ചതിൽ നിന്നും ഇക്കാര്യങ്ങൾ വ്യക്തമാണെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

പൾസർ സുനി നടിയെ ആക്രമിക്കാൻ മുൻപും ശ്രമം നടത്തിയിരുന്നു. ഗോവയിൽ വച്ച് ആക്രമിക്കാൻ ആയിരുന്നു പദ്ധതിയിട്ടത്. നടി അഭിനിയിക്കുന്ന സിനിമയിൽ ഡ്രൈവറായി പൾസർ സുനി എത്തി. നടിയെ എയർപോർട്ടിൽ നിന്ന് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ആക്രമിക്കാൻ പദ്ധതി ഇട്ടത്. എന്നാൽ മേക്കപ്പ് മാൻ കൂടെ ഉണ്ടായത് കൊണ്ട് ശ്രമം ഉപേക്ഷിച്ചു എന്ന് അന്വേഷണം സംഘം കണ്ടെത്തി.

തൃശൂർ ടെന്നീസ് ക്ലബിൽ പൾസർ സുനിക്ക് ഒപ്പമുള്ള ഫോട്ടോ, അമ്മ പരിപാടിയിലെ ഗൂഢാലോചനയുടെ സാക്ഷി മൊഴികൾ, തൊടുപുഴയിലെ സിനിമ സെറ്റിൽ വച്ച് പൾസർ സുനിയും ദിലീപും, തൃശൂരിലെ ഹോട്ടലിൽ സുനിയും ദിലീപും എത്തിയത്, എറണാകുളത്തെ ഫ്ലാറ്റിൽ ദിലീപിൻ്റെ ഗൂഢാലോചന, പൊലീസിന് നേരെ വധ ഗൂഢാലോചന-ബാലചന്ദ്രൻ്റെ ദൃക്‌സാക്ഷി മൊഴി, ടവർ ലൊക്കേഷൻ അടക്കം ഡിജിറ്റൽ തെളിവുകൾ എന്നിവയാണ് ദിലീപിനെതിരെ കണ്ടെത്തിയ നിർണായകമായ ഏഴ് നിർണായക തെളിവുകൾ.

നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചുവെന്ന് അന്വേഷണസംഘം പറയുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ആസൂത്രിത നീക്കങ്ങൾ നടത്തി. സാക്ഷികളെ മൊഴി പഠിപ്പിക്കാൻ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഇതിനായി വ്യാജ ചികിത്സാ രേഖകൾ ചമച്ചുവെന്നും അന്വേഷണസംഘം അറിയിച്ചു.

SCROLL FOR NEXT