കൊച്ചി: മലയാള സിനിമയുടെ ആണധികാര തേർവാഴ്ചയ്ക്ക് വിരാമമുണ്ടായത് നടിയെ ആക്രമിച്ച കേസിന് ശേഷമാണ്. പൂർണമായും മാറിയില്ലെങ്കിലും പുരുഷാധിപത്യത്തിന്‍റെ കോട്ടകളിൽ പലതും നിലംപറ്റി. സ്ത്രീത്വത്തെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന തിരിച്ചറിവ് സെറ്റുകളിൽ മാത്രമല്ല, കഥകളിലും തിരക്കഥകളിലും കൂടി വന്നു തുടങ്ങി.
കേസിലെ പ്രതിയെക്കുറിച്ച് മഞ്ജു വാര്യർ സൂചന നൽകിയ ഈ നിമിഷമാണ് മലയാള സിനിമയുടെ പൊന്നാപുരം കോട്ടയിലേക്ക് ആദ്യത്തെ ഇടിത്തീ വീണത്. അന്ന് സിനിമയെ അമ്മാനമാടിയിരുന്ന ദിലീപ് അതുകേട്ട് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അതുവരെ പലരിൽ ഒരുവനായി പ്രതിഷേധത്തിനു വന്നയാൾ മാത്രമായിരുന്നു ദിലീപ്. ആ നിമിഷത്തിനു പിന്നാലെ പ്രതികളിൽ ഒരുവനാണെന്ന് കേരളം തിരിച്ചറിഞ്ഞു. പിന്നെയും കുറച്ചു കാലം കൂടി കഴിഞ്ഞപ്പോഴാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
ഒടുവിൽ ദിലീപ് കേസിൽ അറസ്റ്റിലായി. ആ അറസ്റ്റ് മലയാള സിനിമയെയാകെ പിടിച്ചുലച്ചിരുന്നു. കേരളം മാത്രമല്ല, ദക്ഷിണേന്ത്യൻ സിനിമാ ലോകം മുഴുവൻ ഉലഞ്ഞു. ക്രിമിനൽ കേസ് പ്രതിയെക്കൊണ്ട് ആക്രമിപ്പിക്കുന്നത്, സ്വയം ആക്രമിക്കുന്നതിലും നീചമായ കുറ്റമാണെന്ന് ലോകം തിരിച്ചറിഞ്ഞു. അധമരിൽ അധമർക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യം.
രാത്രി ജോലി കഴിഞ്ഞുവരുന്ന നടികൾക്കു മാത്രമല്ല, സെറ്റുകളിലെമ്പാടും സുരക്ഷയുണ്ടാകണമെന്ന് ആവശ്യമുയർന്നു. പെൺകൂട്ടം ഡബ്ല്യുസിസിയായി രൂപപ്പെട്ടു. അതായിരുന്നു ചരിത്രം തിരുത്തിയ കൂട്ടായ്മ- വിമൻ ഇൻ സിനിമ കളക്ടീവ് രൂപംകൊള്ളുന്നതിലേക്ക് എത്തിയത്. ആ സംഘം മുഖ്യമന്ത്രിക്കു മുന്നിലെത്തുകയും പിന്നീട് ഹേമ കമ്മിഷൻ രൂപംകൊള്ളുകയും ചെയ്തു.
പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ശ്വേതാ മേനോനും കുക്കു പരമേശ്വരനും നയിക്കുന്ന ഭരണ സമിതി അമ്മയെന്ന പഴയ ആണധികാര സംഘടനയുടെ നിയന്ത്രണമേറ്റു. അമ്മയുടെ തലപ്പത്തു മാത്രമല്ല സിനിമയിലും മാറ്റങ്ങളുണ്ടായി. സ്ത്രീകളെ അവഹേളിക്കുന്ന സിനിമകൾ കുറഞ്ഞു. അത്തരം വേഷങ്ങൾ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു നടന്മാർ മുന്നോട്ടുവന്നു. ദ്വയാർത്ഥ പ്രയോഗങ്ങൾക്കു കുറവുണ്ടായി. നടിമാരുടെ വേതനത്തിൽ വലിയ പരിഷ്കാരം ഉണ്ടായില്ലെങ്കിലും സെറ്റുകളിലെ വേർതിരിവുകൾക്ക് ശമനമുണ്ടായി. മിനിമം സൌകര്യങ്ങൾ എല്ലാവർക്കും കിട്ടാൻ തുടങ്ങി. സ്ത്രീകളെ വിറപ്പിച്ചു നടന്നിരുന്നവർ പതിയെ പത്തി താഴ്ത്തിയെന്നും സെറ്റുകളിൽ നിന്നു റിപ്പോർട്ടുകൾ വന്നു.