ഇതുവരെ കേള്‍ക്കാത്തൊരു നിഷ്ഠൂരകൃത്യത്തിനൊടുവില്‍ അവള്‍ നിശബ്ദയാകുമെന്ന് കരുതിയവരൊക്കെ തോറ്റുപോയൊരു നിമിഷമുണ്ട്. പൊതുസമൂഹത്തോട് 'ആ സര്‍വൈവര്‍ ഞാനാണ്' എന്നു പറഞ്ഞ നിമിഷം. 'എനിക്കുവേണ്ടി ഞാന്‍ തന്നെ ഫൈറ്റ് ചെയ്തേ പറ്റൂ' എന്ന ആത്മവിശ്വാസത്തോടെ, ആണഹങ്കാര സാമുഹിക വ്യവസ്ഥകള്‍ക്കെതിരെ അവള്‍ പോരാട്ടം കുറിച്ചു. ഒട്ടും എളുപ്പമായിരിക്കില്ല എന്നറിഞ്ഞുകൊണ്ടുള്ള നീക്കം. ഓണ്‍ ലൈനായും ഓഫ് ലൈനായും അവള്‍ നിരന്തരം മുറിവേറ്റു. വ്യക്തിഹത്യ അതിന്റെ എല്ലാ സീമകളും കടന്നിരുന്നു. അവ എല്ലാത്തിനെയും ജയിച്ചാണ് അവള്‍ നിയമപോരാട്ടം തുടങ്ങിയത്. എന്തിനെയും സ്വാധീനിക്കാന്‍ ശേഷിയുള്ളവര്‍ക്കെതിരെ ഒമ്പത് വര്‍ഷം നിര്‍ഭയം, അക്ഷീണം പോരാടിയതും അവളുടെ ആ നിശ്ചദാര്‍ഢ്യമാണ്.
ക്രൂരമായ പീഡനത്തിന്റെ ഞെട്ടലില്‍നിന്ന് പുറത്തുവന്നശേഷം, നടി പറഞ്ഞ ചില വാക്കുകളുണ്ട്. അതിങ്ങനെയായിരുന്നു: "വളരെ ദൗര്‍ഭാഗ്യകരമായൊരു കാര്യം എന്റെ ജീവിതത്തില്‍ ഉണ്ടായി. ഞാന്‍ അപ്പോള്‍ തന്നെ പരാതി നല്‍കി. അതിന്റെ പേരില്‍ ഒരുപാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് ഞാന്‍ ഉണ്ടാക്കിയൊരു കഥയാണെന്നു വരെ കേൾക്കേണ്ടി വന്നു. ഇങ്ങനെയൊന്നും ഒരാൾക്കും ഉണ്ടാവരുത്. അതായത്, നമ്മുടെ ജീവിതത്തില്‍ ഒരു പ്രശ്നമുണ്ടായിട്ട് നമ്മൾ എഴുന്നേൽക്കാൻ നോക്കുമ്പോൾ പിന്നെയും അടിച്ച് താഴെയിടുകയാണ്. ആ സമയത്തെ പറ്റി പറയുമ്പോൾ, എനിക്കറിയില്ല ഞാൻ അത് എങ്ങനെ മറികടന്നു എന്നത്! എനിക്കിപ്പോഴും അതിന്റെ പ്രശ്നങ്ങളുണ്ട്, ഇങ്ങനെയുള്ള സാഹചര്യങ്ങളിലുള്ള ഒരാളോട് 'നിങ്ങൾ ഇങ്ങനെ ചെയ്‌താൽ ഓക്കെ ആയിരിക്കും' എന്ന് പറഞ്ഞുകൊടുക്കാൻ എനിക്ക് അറിയില്ല. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍, ഇങ്ങനെയുള്ള ഓരോ അനുഭവം വരുമ്പോൾ തനിയെ പഠിക്കുന്നതാണ്. കാരണം എനിക്കു വേണ്ടി ഞാൻ തന്നെ ഫൈറ്റ് ചെയ്തേ പറ്റൂ. അല്ലാതെ ഞാൻ ഇനി കോടതിയിൽ പോകില്ല, എനിക്ക് പകരം നിങ്ങൾ പൊയ്ക്കൊള്ളൂ എന്നെനിക്ക് പറയാൻ പറ്റില്ല"
സമാനതകളില്ലാത്ത ക്രൂരതയ്‌ക്കെതിരെ അസാമാന്യപോരാട്ടമാണ് നടി നടത്തിയതെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. പണവും സ്വാധീനവും ഉപയോഗിച്ച് ചെയ്യാവുന്നതൊക്കെ എതിരാളികള്‍ ചെയ്യുന്നുണ്ടായിരുന്നു. ഓഫ്‍ലൈനായും ഓണ്‍ലൈനായും വിടുപണി ചെയ്യാന്‍ വലിയൊരു സംഘം തുനിഞ്ഞിറങ്ങി. വ്യക്തിഹത്യ ഉള്‍പ്പെടെ ക്രൂരത അവര്‍ തുടര്‍ന്നു. അവിടെയും തീര്‍ന്നില്ല, സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സാക്ഷികള്‍ വരിവരിയായി കൂറുമാറി. വിസ്താരത്തിനിടെ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരും രാജിവച്ചു. ന്യായമായ ആവശ്യങ്ങളോടുപോലും കോടതി മുഖം തിരിച്ചു. എന്നിട്ടും പിന്മാറാന്‍ കൂട്ടാക്കാതെ അവള്‍ പോരാട്ടം തുടര്‍ന്നു. പുരുഷകേന്ദ്രീകൃത മലയാള സിനിമയുടെ കെട്ടുക്കാഴ്ചകളെ കൂടി അവള്‍ തകര്‍ത്തെറിഞ്ഞു. ആണത്ത ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കും കീഴടങ്ങാത്തൊരു സ്ത്രീപക്ഷം മലയാള സിനിമയില്‍ സംഘടനാരൂപം പ്രാപിച്ചതും അക്കാലത്തായിരുന്നു. ഒരുപാടൊരുപാട് പേര്‍ക്ക് പ്രതീക്ഷ പകര്‍ന്ന നീക്കം.
ആ പോരാട്ടങ്ങളൊന്നും വെറുതെയായില്ല. പത്ത് പ്രതികളില്‍ ആദ്യ ആറു പ്രതികള്‍ കൂട്ട ബലാത്സംഗത്തിന് കുറ്റക്കാരായി. നടന്‍ ദിലീപ് ഉള്‍പ്പെടെ നാലു പേര്‍ കുറ്റവിമുക്തരാക്കപ്പെട്ടു. കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന കാര്യത്തില്‍ കോടതിക്കും സംശയമില്ല. പക്ഷേ, ആര്‍ക്കുവേണ്ടിയായിരുന്നു ആ ക്വട്ടേഷന്‍? സിനിമാസെറ്റില്‍ ദിവസക്കൂലിക്ക് കാറോടിച്ചിരുന്നവനും കൂട്ടരും ഒരു രാത്രിയില്‍ നടിയെ പീഡിപ്പിച്ചേക്കാമെന്നും ആ ദൃശ്യങ്ങള്‍ പകര്‍ത്തിയേക്കാമെന്നും വെറുതെയങ്ങ് തീരുമാനിക്കുമോ? ആരുടേതായിരുന്നു ഗൂഢാലോചന? ഇതിനൊക്കെ പണം മുടക്കിയത് ആരാണ്? അതിനുള്ള ഉത്തരം ബാക്കിയാണ്. പൊതു സമൂഹത്തിനു മുന്നില്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അവളുടെ പോരാട്ടത്തിന്റെ വിജയമാണ്.
പോരാട്ടത്തിനുറച്ച നാളുകളിലൊന്നില്‍, പൊതുസമൂഹത്തിന്റെ ചിന്തയ്ക്കായി അവര്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. "എനിക്കുണ്ടായതിനേക്കാള്‍ മോശം അനുഭവങ്ങള്‍ ഉണ്ടായ ഒരുപാട് സ്ത്രീകളുണ്ട്. എനിക്ക് പേഴ്സണലി കുറച്ച് മെസേജുകള്‍ കിട്ടിയിട്ടുണ്ട്. അവര്‍ക്കാര്‍ക്കും അത് പുറത്തു പറയാനുള്ളൊരു ധൈര്യം ഉണ്ടായിരുന്നില്ല. ഇപ്പോഴും അത്തരത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടാകും. പക്ഷേ പലര്‍ക്കും തുറന്നുപറയാന്‍ ധൈര്യമുണ്ടാകില്ല. ചിലപ്പോള്‍ ഫാമിലി തന്നെ, പുറത്തുപറയേണ്ട എന്ന് നിരുത്സാഹപ്പെടുത്തും. അല്ലെങ്കില്‍ സമൂഹം എങ്ങനെ ആയിരിക്കും എന്നുള്ള ചിന്ത. എനിക്ക് ഇങ്ങനെ സംഭവിച്ചു എന്നുള്ളതുകൊണ്ട് നിങ്ങള്‍ എല്ലാവരും ഇങ്ങനെ ചെയ്യൂ എന്ന് എനിക്ക് പറയാനും പറ്റില്ല. ഓരോരുത്തരുടെയും ജീവിതവും ജീവിതാവസ്ഥയും വ്യത്യസ്തമായിരിക്കും. പക്ഷേ, ഇത് കൂടുതല്‍ കൂടുതല്‍ മൂടിവച്ചുകൊണ്ടിരിക്കുമ്പോഴാണ് ഓപ്പോസിറ്റുള്ള ആള്‍ക്ക് ഇത് പുറത്തുവരില്ല എന്ന ധൈര്യം ഉണ്ടാകുന്നത്. ആ പേടി മാറാന്‍ സമൂഹം ഒന്നടങ്കം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ അങ്ങനെയൊന്ന് പുറത്തുവന്നു പറഞ്ഞാല്‍ അവരെ കളിയാക്കാനോ, മോശക്കാരനാക്കാനോ, നിരുത്സാഹപ്പെടുത്താനോ ചെയ്യാതെ അവര്‍ക്ക് അടുത്ത പടി പോകാനുള്ള ശക്തി പകരുകയാണ് വേണ്ടത്. അത് സമൂഹത്തിന് കൊടുക്കാനായാല്‍ അതൊരു വലിയ വിജയമായിരിക്കും". അത് തന്നെയാകും ഇപ്പോള്‍ അവള്‍ പ്രതീക്ഷിക്കുന്നത്.