നടിയെ ആക്രമിച്ച കേസിൽ ആദ്യ ആറ് പ്രതികൾ കുറ്റക്കാർ; ദിലീപ് കുറ്റവിമുക്തനെന്ന് കോടതി

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ വിധി പറഞ്ഞത്
നടിയെ ആക്രമിച്ച കേസിൽ ആദ്യ ആറ് പ്രതികൾ കുറ്റക്കാർ; ദിലീപ് കുറ്റവിമുക്തനെന്ന് കോടതി
Published on
Updated on

കൊച്ചി: മലയാള ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി. ബലാത്സക്കേസിൽ ഒന്നു മുതൽ ആറുവരെ പ്രതികളും കുറ്റക്കാരെന്ന് കോടതി. എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തൻ ആണെന്നും കോടതി വിധി. ഒന്നു മുതൽ ആറുവരെയുള്ള പ്രതിക്കൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ‌ തെളി‍ഞ്ഞെന്ന് കോടതി അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ വിധി പറഞ്ഞത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ബലാത്സംഗക്കേസിലെ ആറ് പ്രതികള്‍. ഏഴ് മുതൽ 10 വരെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടു.

ക്രിമിനൽ ഗൂഢാലോചന, അന്യായതടങ്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമണം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ- ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഒന്നുമുതൽ ആറുവരെ പ്രതികൾക്കും എട്ടാം പ്രതി ദിലീപിനുമെതിരെ ചുമത്തിയത്. ഇതിലാണ് ആറ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നതിലൂടെ കുപ്രസിദ്ധി നേടിയ കേസിൽ നടൻ ദിലീപ് അടക്കം പത്ത് പേരെയാണ് പ്രതി ചേർത്തത്. സുനിൽ എൻ.എസ്. എന്ന പൾസർ സുനി, മാർട്ടിൻ ആൻ്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, സലിം എച്ച് എന്ന വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി. ഗോപാലകൃഷ്ണൻ എന്ന ദിലീപ്, സനിൽ കുമാർ എന്ന് മേസ്തിരി സനിൽ, ശരത് ജി. നായർ എന്നിവരാണ് കേസിലെ പ്രതികൾ. വിധി ദിനത്തിൽ എല്ലാ പ്രതികളും എറണാകുളം സെഷൻസ് കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും ഹാജരാകണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ആദ്യ ആറ് പ്രതികൾ കുറ്റക്കാർ; ദിലീപ് കുറ്റവിമുക്തനെന്ന് കോടതി
'ക്വട്ടേഷന് ഗൂഢാലോചന നടന്നത് ഏഴ് ഇടങ്ങളിലായി'; ദിലീപിനെതിരെ നിർണായക തെളിവുകളുമായി അന്വേഷണസംഘം

കേസിൻ്റെ നാൾവഴികൾ

സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെടുന്നത്. ഷൂട്ടിങ്ങിനായി തൃശൂരിൽ നിന്ന് കൊച്ചിക്ക് വരും വഴിയായിരുന്നു ആക്രമണം ഉണ്ടായത്. ഒന്നാം പ്രതി പൾസർ സുനിയും സംഘവും വാഹനാപകടം സൃഷ്ടിച്ച് നടിയുടെ കാർ തടഞ്ഞുനിർത്തി. തുടർന്ന് ഇടപ്പള്ളി, കാക്കനാട് ഭാഗത്തേക്ക്, വാഹനം വഴി തിരിച്ചുവിടുകയും ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി.ടി. തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി. കേസിലെ ​ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 2017 ഏപ്രിൽ 18ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു.

നടിയെ ആക്രമിച്ച കേസിൽ ആദ്യ ആറ് പ്രതികൾ കുറ്റക്കാർ; ദിലീപ് കുറ്റവിമുക്തനെന്ന് കോടതി
"പുരുഷാധിപത്യത്തിൻ്റെ കോട്ടകളിൽ പലതും നിലംപറ്റി"; മലയാള സിനിമയെ മാറ്റി മറിച്ച കേസ്

ഗൂഢാലോചന സംബന്ധിച്ച രണ്ടാം ഘട്ട അന്വേഷണത്തിലാണ് കേസിൽ നടൻ ദിലീപിൻ്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. 2017 ജൂൺ 28ന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർ‌ഷയെയും പൊലീസ് ചോ​ദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽവെച്ച് ഏതാണ്ട് 13 മണിക്കൂറോളമാണ് ഇരുവരും ചോദ്യം ചെയ്യലിന് വിധേയമായത്. ദിലീപ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതിൻ്റെ തെളിവ് പൊലീസ് ശേഖരിച്ചു. 2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2017 ഒക്ടോബർ മൂന്നുവരെ ദിലീപ് ജയിലിലായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ദിലീപ് ജയിലിൽ തുടരവെ 2017 ഓഗസ്റ്റ് 15ന് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മ കത്തയച്ചു. പിന്നാലെ അച്ഛൻ്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ 2017 സെപ്റ്റംബർ രണ്ടിന് കോടതി ദിലീപിന് അനുമതി നൽകി. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു.

ഒരു വർഷത്തിന് ശേഷം 2018 മാർച്ച് 8ന് കേസിലെ വിചാരണ നടപടികൾക്ക് തുടക്കമായി. 2020 ജനുവരി 6ന് പൾസർ സുനി, നടൻ ദിലീപ്, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ, മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നീ പ്രതികൾക്കെതിരെ വിചാരണയുടെ ഭാഗമായി കുറ്റം ചുമത്തി. 2020 ജനുവരി 30ന് സാക്ഷിവിസ്താരം ആരംഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിചാരണ നടത്തിയത്.

നടിയെ ആക്രമിച്ച കേസിൽ ആദ്യ ആറ് പ്രതികൾ കുറ്റക്കാർ; ദിലീപ് കുറ്റവിമുക്തനെന്ന് കോടതി
"ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ ദിലീപ് വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി"; നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിൻ്റെ നിർണായക കണ്ടെത്തൽ

വിചാരണാ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത രംഗത്തെത്തിയെങ്കിലും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളി. ഇതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം നടത്തി. ദിലീപിന്റെ സുഹ്യത്ത് ശരത്തിനെ പ്രതി ചേർത്തു. തുടരന്വേഷണത്തിനായി നിർത്തിവെച്ച വിചാരണ 2022 നവംബറിൽ പുനരാരംഭിച്ചു. 2024 ഡിസംബർ 11ന് കേസിൽ അന്തിമവാദം ആരംഭിച്ചു. 2025 ഏപ്രില്‍ 7ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. 2025 ഏപ്രില്‍ 9ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂര്‍ത്തിയായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com