കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കോൺഗ്രസ്. സ്വതന്ത്ര കൂട്ടായ്മയുമായി യാതൊരു സഹകരണവും വേണ്ടെന്ന പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാട് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് തലവേദനയാണ്.
എൽഡിഎഫ് അവിശ്വാസത്തെ കോൺഗ്രസ് കൗൺസിലർമാർ പിന്തുണച്ചാൽ സംസ്ഥാന തലത്തിൽ അത് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഭരണസമിതിക്ക് മണ്ഡലം കമ്മിറ്റി പിന്തുണ പിൻവലിച്ചെങ്കിലും കോൺഗ്രസ് സംസ്ഥാന - ജില്ലാ നേതൃത്വം ഇതുവരെയും തീരുമാനം അംഗീകരിച്ചിട്ടില്ല.
യുഡിഎഫ് ഘടകകക്ഷികളും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. അവിശ്വാസത്തിന് അനുകൂലമായി കോൺഗ്രസ് കൗൺസിലർമാർ നിലപാട് എടുത്താൽ സംസ്ഥാനതലത്തിൽ തന്നെ കോൺഗ്രസ് നേതൃത്വം വിഷയം വിശദീകരിക്കേണ്ടി വരും.
അതുകൊണ്ടുതന്നെ പ്രാദേശിക നേതൃത്വവുമായി ഉടൻ തന്നെ ചർച്ച നടത്താനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ സ്വതന്ത്ര മുന്നണിയുമായി സഹകരിക്കേണ്ട എന്നതിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രാദേശിക നേതൃത്വത്തിൻ്റെയും കൗൺസിലർമാരുടെയും നിലപാട്. 14 കൗൺസിലർമാരുടെ പിന്തുണയോടെ അവിശ്വാസം പാസായാൽ നിലവിലെ ചെയർപേഴ്സൺ ദിയാ ബിനുവിന് സ്ഥാനം നഷ്ടമാകും.
എന്നാൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകുന്നതുവരെ വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സ്വതന്ത്ര മുന്നണി. നോട്ടീസ് നിയമപരമെന്ന് ഉറപ്പുവരുത്തിയാൽ, നോട്ടീസ് ലഭിച്ച തീയതി മുതൽ 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അവിശ്വാസപ്രമേയം ചർച്ച ചെയ്യുന്നതിനായി സഭയുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കും .