കൊല്ലം: ശബരിമല സ്വർണക്കൊള്ളയിലെ ആരോപണത്തിൻ്റെ പേരിൽ എങ്ങോട്ടും ഒളിച്ചോടി പോകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പം ചോദ്യം ചെയ്തു എന്നത് നുണപ്രചാരണം ആണെന്നും പോറ്റിയുമായുള്ള ഫോട്ടോയെ കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തത് എന്നും യുഡിഎഫ് അടൂർ പ്രകാശ് പറഞ്ഞു.
അന്വേഷണസംഘം ചോദിച്ച എല്ലാ ചോദ്യത്തിനും കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. എസ്ഐടി വിളിച്ച് സ്റ്റേറ്റ്‌മെൻ്റ് നൽകാമോ എന്ന് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് പോയത്. ഞാൻ രഹസ്യമായി അല്ല ചോദ്യം ചെയ്യലിന് പോയത്. മാധ്യമങ്ങൾ പല കഥകൾ സൃഷ്ടിക്കുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.
കഴിഞ്ഞ ദിവസം തന്നെ ചോദ്യം ചെയ്യാനല്ല വിളിപ്പിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോയെ പറ്റി ചോദിച്ചു. ആ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി പറഞ്ഞു. പോറ്റിയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു എന്നത് വ്യാജ വാർത്തയാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
എസ്ഐടിയുടെ ഉയർന്ന ഉദ്യോഗസ്ഥർ അല്ല സ്റ്റേറ്റ്‌മെൻ്റ് എടുത്തതെന്നും ആരോ ഏൽപ്പിച്ച ദൗത്യം ചിലർ പൂർത്തിയാക്കുകയാണ് ചെയ്തതെന്നും അടൂർ പ്രകാശ് പറഞ്ഞു. സർക്കാർ അനുകൂല വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി ചില ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ നിയമിച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ്. അവരാണ് യുഡിഎഫ് നേതാക്കളെ കൂടി ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിപ്പിക്കുന്നത്. തൻ്റെ ചോദ്യം ചെയ്യൽ സമയത്ത് വാർത്തകൾ പ്രചരിപ്പിച്ചതും ഇവരാണെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.