സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് സാധ്യതാപ്പട്ടികയായി. സർക്കാർ നൽകിയ പാനലിൽ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്കാണ് യുപിഎസ്‍സി അംഗീകാരം നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി ജയ് തിലക് ഐഎഎസ്, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു.
എഡിജിപി എം.ആർ. അജിത് കുമാറിനെ പൊലീസ് മേധാവിയാക്കാന്‍ സംസ്ഥാന സർക്കാർ വഴിവിട്ടു ശ്രമിക്കുന്നുവെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍, യുപിഎസ്‌സി അംഗീകാരം നല്‍കിയ പട്ടികയില്‍ എഡിജിപി എം.ആർ. അജിത് കുമാറില്ല. ഐബി സ്പെഷ്യൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നീ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയ്ക്കാണ് യുപിഎസ്‍സി അംഗീകാരം നല്‍കിയിരിക്കുന്നത്. പട്ടികയിൽ നിന്നും ഒരാളെ മന്ത്രിസഭായോഗം ഡിജിപിയായി തെരഞ്ഞെടുക്കും.
ആറ് പേരുടെ പട്ടികയാണ് സംസ്ഥാനം കൈമാറിയത്. കേരള കേഡറിൽ 30 വർഷം പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരിൽ നിന്നാണ് കേരള സർക്കാർ ഡിജിപിക്ക് വേണ്ടിയുള്ള പട്ടിക തയ്യാറാക്കിയത്. ഡിജിപി റാങ്കിലുള്ള വിജിലൻസ് മേധാവി മനോജ് എബ്രഹാം, എസ്പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയൻ മേധാവി എം.ആർ. അജിത് കുമാർ എന്നിവരാണ് സർക്കാർ പട്ടികയിലെ മറ്റ് ഉദ്യോഗസ്ഥർ. ഈ മാസം 30നാണ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയൊഴിയുന്നത്. പുതിയ ഡിജിപി ജൂണ്‍ 30ന് ചുമതലയേല്‍ക്കും.