പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി അനന്ദു മരിച്ച സംഭവത്തെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. വഴിക്കടവിൽ സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് ആദ്യം രംഗത്തെത്തിയത് വനംമന്ത്രി എ. കെ. ശശീന്ദ്രനായിരുന്നു.
വിഷയം അറിഞ്ഞപ്പോൾ മുതൽ വനം വകുപ്പിൻ്റെയും സർക്കാരിൻ്റെയും വീഴ്ചയായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചു. വഴിക്കടവിൽ വിവരം അറിയും മുൻപ് മലപ്പുറത്ത് യുഡിഎഫ് പ്രതിഷേധം നടത്തി. തെരഞ്ഞെടുപ്പ് കാലത്തെ ഗുണഭോക്താക്കളുടെ താൽപര്യ സംരക്ഷണ ശ്രമമാണോ പിന്നിലെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.
മന്ത്രിയെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൂടി രംഗത്തെത്തിയതോടെ രാഷ്ട്രീയപ്പോര് മുറുകി. സംഭവം നടന്ന സ്ഥലത്തെ പഞ്ചായത്ത് മെമ്പർ യുഡിഎഫ് സ്ഥാനാർഥിയുടെ അടുത്ത സുഹൃത്താണ്. പ്രതിയുടെ ഫോൺകോൾ വിശദാംശങ്ങൾ പരിശോധിക്കണം. രാഷ്ട്രീയ നേട്ടത്തിന് എന്തും ചെയ്യാൻ മടിക്കാത്തവരാണ് യുഡിഎഫ് എന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും രംഗത്തെത്തി. മന്ത്രിയുടെ ആരോപണം ശുദ്ധ കളവും വിവരക്കേടുമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ആരോപണം തെളിയിക്കാൻ മന്ത്രിയെ വെല്ലുവിളിക്കുന്നു. അതിന് സാധിച്ചില്ലെങ്കിൽ മന്ത്രി പിൻവലിച്ച് മാപ്പ് പറയണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
വനംമന്ത്രി ഇത്രയും ഹീനമായ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ചോദിച്ചു. വന്യജീവി ആക്രമണങ്ങൾ നേരിടാൻ ഒരു പണിയും ചെയ്യാത്ത എ. കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവെച്ച് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
യഥാർഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിയ്ക്കാനുള്ള പാഴ്‌വേലയാണ് രാഷ്ട്രീയ ഗൂഢാലോചന ആരോപണമെന്നാണ് മുസ്ലിം ലീഗിൻ്റെ പ്രതികരണം. പ്രതിഷേധമുണ്ടായത് മലപ്പുറത്തല്ല, നിലമ്പൂരിലാണ്. ഒന്നനങ്ങിയാൽ മലപ്പുറത്തെ എടുത്തിടുന്നത് എന്തിനെന്നും മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു.
പ്രതിപക്ഷം സമരം നടത്തിയില്ലായിരുന്നില്ലെങ്കിൽ പ്രതിയെ പിടിക്കില്ലായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. രണ്ട് വോട്ടിന് വേണ്ടി ദാരുണ സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കരുത് എന്ന് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിലേക്കുള്ള വഴിതടഞ്ഞ് പ്രതിഷേധിച്ച യുഡിഎഫിനെ അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ സർക്കാരിനേയും യുഡിഎഫിനേയും ഒരുപോലെ കുറ്റപ്പെടുത്തിയായിരുന്നു പി.വി. അൻവറിൻ്റെ പ്രതികരണം. സ്വകാര്യ വ്യക്തി ചെയ്ത ക്രിമിനൽ പ്രവൃത്തി കെഎസ്ഇബിക്ക് എതിരെ തിരിക്കുന്നതിനെതിരെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയും രംഗത്തെത്തി.
ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ച് ലൈൻ വലിച്ചതിൻ്റെ ദൃശ്യങ്ങളടക്കം കെഎസ്ഇബി പുറത്തുവിട്ടു.
അതിനിടെ യുഡിഎഫിൻ്റെ പാതിരാ പ്രതിഷേധത്തിന് ശേഷം കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയിട്ട ഫേസ്ബുക്ക് പോസ്റ്റ് സിപിഐഎം സൈബർ ഹാൻഡിലുകൾ ചർച്ചയാക്കി. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചായകുടിക്കുന്ന ചിത്രമടങ്ങിയ പോസ്റ്റ് വിവാദമായതോടെ ജ്യോതികുമാർ ചാമക്കാല പോസ്റ്റ് പിൻവലിച്ചു.
വന്യജീവി ആക്രമണം പ്രധാന പ്രശ്നമായ നിലമ്പൂരിൽ അനന്തുവിൻ്റെ മരണം കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് നിലവിലെ സാഹചര്യത്തിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ കാട്ടുമൃഗങ്ങളുടെ ഇറച്ചി വിൽക്കുന്ന വിനീഷ് എന്ന സ്ഥിരം കുറ്റവാളിയുടെ ക്രിമിനൽ പ്രവൃത്തിയാണ്, ഈ ദുരന്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.