
നിലമ്പൂർ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചനയെന്ന് സംശയമുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വീണുകിട്ടിയ അവസരമാണോ, അവസരം ഉണ്ടാക്കിയതാണോ എന്ന സംശയം ചിലർ ഉന്നയിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട മന്ത്രി വനം വകുപ്പിന്റെ ഭാഗത്തു പിഴവുണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് അറിയിച്ചു.
സ്വകാര്യ വ്യക്തി ചെയ്ത നിയമ ലംഘനത്തിന് വനം വകുപ്പിനെ പഴി പറയുന്നത് എന്തിനെന്നായിരുന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ചോദ്യം. കേട്ടപാതി കേൾക്കാത്ത പാതി വനം വകുപ്പിൻ്റെ വീഴ്ചയായി വരുത്താൻ ആണ് പ്രതിപക്ഷ ശ്രമം. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. വഴിക്കടവ് മേഖലയിൽ വനം വകുപ്പ് വൈദ്യുതി ഫെൻസിങ്ങോ പന്നിയെ കെണി വെച്ച് പിടിക്കാനുള്ള കൂടോ സ്ഥാപിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
കസ്റ്റഡിയിൽ ഉള്ളത് വനംവകുപ്പുമായോ കെഎസ്ഇബിയുമായോ ബന്ധമുള്ള ആൾ അല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലമ്പൂർക്കാർ അറിയുന്നതിന് മുൻപെ മലപ്പുറത്ത് പ്രകടനം നടന്നത് എങ്ങനെ? സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതിൽ തെറ്റില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നിലമ്പൂരിലെ ജനങ്ങളെ സർക്കാരിന് എതിരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ' എന്ന് വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതും സർക്കാരിനെതിരായ ക്യാംപയിനിന്റെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു. അപകടം നടന്ന സ്ഥലത്ത് നേരത്തെ വൈദ്യുതി ഫെൻസിങ് ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഈ വൈദ്യുതി ഫെൻസിങ് എങ്ങനെ വന്നു എന്നത് പരിശോധിക്കണം. തെരഞ്ഞെടുപ്പ് സമയത്ത് കർഷകരുടെ വികാരം സർക്കാരിനെതിരാക്കാൻ ശ്രമിക്കുന്നുവെന്നും എ.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു.
അതേസമയം, വനം മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. സർക്കാർ തെറ്റ് സമ്മതിക്കാന്‍ തയ്യാറാകണമെന്നും വനം മന്ത്രിയുടെ പ്രതികരണം തെറ്റാണെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്ന് കരുതി ഇത് ഗൂഢാലോചന എന്ന് വനം മന്ത്രി പറയാൻ പാടുണ്ടോ? തെരഞ്ഞെടുപ്പുണ്ടെന്ന് കരുതി മലയോരത്തെ പ്രശ്നം, പ്രശ്നം അല്ലാതെ ആവുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവാണ് കഴിഞ്ഞ ദിവസം പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അനന്ദു ഉള്‍പ്പെടെ നാല് പേര്‍ക്ക് ഷോക്കേറ്റത്. യദു കൃഷ്ണ, ഷാനു, വിജയ് എന്നിവർ ഷോക്കേറ്റ് ചികിത്സയിലാണ്. ഫെന്‍സിങ്ങിന് സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. അനന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, ഇലക്ട്രിക് ഷോക്കാണ് മരണ കാരണം. അനന്ദുവിന്റെ വയറിന്റെ പല ഭാഗത്തായി വൈദ്യുതി ഷോക്ക് മൂലം പൊള്ളലേറ്റ പാടുകളുണ്ട്. വയറിന്റെ വശത്ത് ഗുരുതരമായി പൊള്ളലേറ്റു.