കൊച്ചി: എറണാകുളം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാല് വാർഡുകളിലും സിറ്റിങ് സീറ്റുകൾ അതത് മുന്നണികൾ നിലനിർത്തി. കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ. അജിത് കുമാർ ജയിച്ചു. 549 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അജിത് കുമാർ വിജയിച്ചത്. കൗൺസിലർ ആയിരുന്ന ദീപക് ജോയ് എംഎൽഎ ആയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
പുതൃക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് എട്ടാം വാർഡിൽ ട്വൻ്റി-ട്വൻ്റി സ്ഥാനാർഥി ദീനാമ്മ ജേക്കബ് വിജയിച്ചു. 96 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജയം. ഇതോടെ പഞ്ചായത്തിൽ യുഡിഎഫ്, ട്വൻ്റി- ട്വൻ്റി കക്ഷി നില തുല്യമായി. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ട്വൻ്റി-ട്വൻ്റി അംഗം രാജി വച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ വടക്കൻ പറവൂരിലെ വടക്കേക്കര പഞ്ചായത്തിലെ മാടപ്ലാതുരുത്തിലെ ഒൻപതാം വാർഡ് യുഡിഎഫ് നില നിർത്തി. 140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജോസ് കുനിയന്തേടത്ത് ജയിച്ചുകയറിയത്. പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫ് ആണ്. പാറക്കടവ് പഞ്ചായത്തിലെ പുളിയനം നാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷി വിജയിച്ചു. 207 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുഗന്ധിയുടെ വിജയം. യുഡിഎഫ് ആണ് പാറക്കടവ് പഞ്ചായത്ത് ഭരിക്കുന്നത്.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്. എറണാകുളം ജില്ലയിൽ എവിടെയും രാഷ്ട്രീയ അട്ടിമറികൾ സംഭവിച്ചിട്ടില്ല.