നാളെ ഡീൻസ് കൗൺസിൽ യോഗം ചേരാൻ തീരുമാനമായിട്ടുണ്ട് Source: News Malayalam 24x7, Kerala University
KERALA

ഓപ്പൺ സർവകലാശാല കോഴ്സുകളുടെ അംഗീകാരം: ഇടപെട്ട് കേരള സ‍ർവകലാശാല വിസി, നാളെ ഡീൻസ് കൗൺസിൽ യോഗം ചേരും

വി.സി മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തി ഓപ്പൺ യ‍ൂണിവേഴ്സിറ്റി വി.സി ജഗതി രാജ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല കോഴ്സുകൾക്ക് കേരള സർവകലാശാലയിൽ അംഗീകാരമില്ലെന്ന വിഷയത്തിൽ ഇടപെട്ട് കേരള സ‍ർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ. വി.സി മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തി ഓപ്പൺ യ‍ൂണിവേഴ്സിറ്റി വി.സി ജഗതി രാജ്. നാളെ ഡീൻസ് കൗൺസിൽ യോഗം ചേരാൻ തീരുമാനമായിട്ടുണ്ട്. യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം.

കഴിഞ്ഞ ദിവസം അംഗീകാരമില്ലെന്ന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചിരുന്നു. ഓപ്പൺ സർവകലാശാലയിലുള്ളത് നിലവാരമുള്ള പഠനമാണ്. അതിന് അംഗീകാരമുണ്ട്. നിലവിലെ ആശയ കുഴപ്പത്തിൽ വ്യക്തത വരുത്തുമെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. ഹിന്ദു രാഷ്ട്ര നിർമിതിക്കുള്ള അരങ്ങൊരുക്കാൻ സർവകലാശാലകളെ ആർഎസ്എസ് ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രത്യയശാസ്ത്ര ആധിപത്യം സ്ഥാപിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഡിഗ്രി കോഴ്സുകൾ കേരള സർവകലാശാല അംഗീകരിക്കാത്തത് മൂലം നിരവധി വിദ്യാർഥികളും പ്രതിസന്ധിയിലാണ്. ബിഎഡ് പ്രവേശനത്തിനായി കേരള സർവകലാശാല അധികൃതർ യോഗ്യത സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുമായി കൊല്ലം സ്വദേശിനി എസ്. ദർശന രംഗത്തെത്തിയിരുന്നു . പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു വർഷം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഈ വിദ്യാർഥിനി. ഈ വാർത്ത വന്നതിനു പിന്നാലെയാണ് ഇക്വാലന്‍സി സംബന്ധിച്ച ചർച്ചകള്‍ സജീവമായത്.

SCROLL FOR NEXT