KERALA

അരൂർ-തുറവൂർ ഫ്ലൈ ഓവർ നിർമാണ മേഖലയിൽ ഗർഡർ തകർന്നുവീണു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

പിക്കപ്പ് വാനിൻ്റെ ഡ്രൈവറാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: അരൂർ-തുറവൂർ ഫ്ലൈ ഓവർ നിർമാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. വാനിൻ്റെ മുകളിലേക്കാണ് ഗർഡർ വീണത്. കേരളതത്തിലെ ഏറ്റവും വലിയ ഉയരപ്പാതയിലാണ് ഇത്തരത്തിലൊരു അപകടം നടന്നത്. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രെയിൻ ഉപയോഗിച്ചാണ് ഗർഡർ ഉയർത്തി പിക്കപ്പ് വാൻ പുറത്തെടുത്തത്. ഈ പ്രദേശത്ത് സ്ഥിരമായി അപകടം ഉണ്ടാകാറുണ്ട് എന്നും അധികൃതർ കൃത്യമായ നടപടി സ്വീകരിക്കാറില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ദേശീയപാതയിൽ ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ ചേർത്തല പൂച്ചാക്കൽ വഴി തിരിച്ചു വിടുന്നു.

നിർമാണ മേഖലയിലേക്ക് ഇത്രയും ദിവസം വരെ ഗർഡറുകൾ കയറ്റിയിരുന്നു. ജാക്കി തെറ്റി മാറിയതാണ് ഗർഡർ നിലംപതിക്കാൻ കാരണമെന്നാണ് സ്ഥലം എംഎൽഎ ദലീമ പറഞ്ഞു. ഒരു ജീവൻ ആണെങ്കിലും അത് വലുതാണ്. അത് നഷ്ടപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എംഎൽഎ അറിയിച്ചു. കരാറുകാരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും, കൃത്യമായ നടപടികളിലേക്ക് പോകുമെന്നും എംഎൽഎ വ്യക്തമാക്കി.

അപകടത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രി പിഡബ്ല്യുഡി സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിർദേശപ്രകാരം പിഡബ്ല്യുഡി സെക്രട്ടറി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും.

SCROLL FOR NEXT