കൊല്ലം: ഷാർജയില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ ഭർത്താവില്‍ നിന്ന് നേരിട്ടിരുന്ന പീഡനങ്ങള്‍ പറയുമായിരുന്നുവെന്ന് മാതാവ്. ശരീരത്തിലെ പരിക്കുകൾ വീഡിയോ കോളിലൂടെ കാണിച്ചു തന്നിരുന്നു. വിവാഹ ബന്ധം ഒഴിയാം എന്ന് മകളോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കുഞ്ഞിനുവേണ്ടി എല്ലാം സഹിക്കാം എന്ന് അതുല്യ പറഞ്ഞതായും അമ്മ പറയുന്നു.
കുഞ്ഞിന് ചെലവിനുള്ള പണത്തിന് വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചത്. നേരത്തെ സതീഷിനെതിരെ ഗാർഹിക പീഡനത്തിന് പരാതിപ്പെട്ടിരുന്നതായും അതുല്യയുടെ അമ്മ പറയുന്നു. അതുല്യ പിണങ്ങി വീട്ടിൽ വന്ന് നിന്ന സമയത്ത് സതീഷ് മതിൽ ചാടിക്കടന്ന് വീട്ടിലെത്തി. മകളെ ഒപ്പം വിടാതിരുന്നതിന് സതീഷ് ഭീഷണിപ്പെടുത്തി. കുഞ്ഞിനു വേണ്ടി സതീഷിനൊപ്പം പോകാൻ അതുല്യ തയ്യാറായിരുന്നു. ഭർത്താവിനെ മകള്‍ അത്രയ്ക്കും വിശ്വസിച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞു.
അതുല്യയെ ജോലിക്ക് വിടാൻ സതീഷ് അനുവദിച്ചിരുന്നില്ലെന്നും അമ്മ പറയുന്നു. മരിക്കുന്നതിന് തലേ ദിവസം അതുല്യ സഹോദരി അഖിലയുടെ വീട്ടിൽ പോയിരുന്നു. ജോലിക്ക് കയറുന്നതിന്റെ സന്തോഷത്തിലായിരുന്നു. അവിടെ നിന്ന് വീഡിയോ കോള്‍ ചെയ്തിരുന്നു. മരിക്കണം എന്ന് ഉറപ്പിച്ച ആള്‍ അത്ര സന്തോഷത്തോടെ ഇരിക്കില്ലല്ലോ എന്നും അമ്മ ചോദിക്കുന്നു.
സഹോദരിയുടെ വീട്ടിൽ നിന്ന് സതീഷ് വന്നാണ് അതുല്യയെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് സതീഷും അതുല്യയും തമ്മിൽ വഴക്കുണ്ടായെന്നും അതുല്യയുടെ അമ്മ പറയുന്നു. സതീഷ് സ്ഥിരമായി ഡാന്‍സ് ബാറുകളില്‍ പോകാറുണ്ടെന്നാണ് ഇളയ മകള്‍ പറഞ്ഞുള്ള അറിവ്. സംഭവം നടന്ന ദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അതുല്യയെ തണുത്ത് വിറങ്ങലിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തെന്നാണ് സതീഷ് ആദ്യം അഖിലയോടും ഭർത്താവിനോടും പറഞ്ഞിരുന്നത്. പിന്നീട് തൂങ്ങി മരിച്ചുവെന്ന് മാറ്റിപ്പറഞ്ഞു. മൃതശരീരം കാണാന്‍ പോലും അവർക്ക് പറ്റിയില്ലെന്നും അമ്മ പറഞ്ഞു. അതുല്യ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് അമ്മ കൂട്ടിച്ചേർത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)