കൊച്ചി: മലയാളത്തിൻ്റെ പ്രിയ താരം ഭാവന സിനിമയിലെത്തിയിട്ട് 23 വർഷം. നമ്മളിൽ തുടങ്ങി അനോമി വരെ 90 സിനിമകളിലൂടെയാണ് ഭാവന പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തിയത്. റീ ഇൻട്രൊഡ്യൂസിങ് ഭാവന എന്ന വിശേഷണത്തോടെ എത്തുന്ന അനോമിയുടെ വിശേഷങ്ങളാണ് താരം ന്യൂസ് മലയാളത്തോട് പങ്കുവച്ചത്. വേറിട്ട കഥാപാത്രമായി എത്തുന്നതിൽ പ്രതീക്ഷ ഉണ്ടെന്നും ഭാവന പറഞ്ഞു.
മുമ്പ് ചെയ്തതിൽ നിന്ന് വ്യത്യസ്തമായതും അഭിനേതാവ് എന്ന നിലയിൽ വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണ് സാറയെന്നും ഭാവന വ്യക്തമാക്കി. സിനിമകൾ സജീവമായി ചെയ്തുകൊണ്ടിരുന്ന കാലത്ത് സിനിമയുടെ വിജയ പരാജയങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അതൊന്നും അന്ന് തന്നെ ബാധിച്ചിട്ടില്ല. പക്ഷേ ഇനി എങ്ങനെയാണ് എന്ന് അറിയില്ലെന്നും ഭാവന പറഞ്ഞു. റഹ്മാനാണ് ഭാവനക്കൊപ്പം മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
താൻ ചെയ്ത പല കഥാപാത്രങ്ങളിപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ടെന്നും അത് ഓരോന്നായി ഓർത്തെടുത്ത് പറയുമ്പോൾ സന്തോഷമെന്നും ഭാവന ന്യൂസ് മലയാളത്തോട് പറഞ്ഞു. ചെയ്ത് വച്ച പല കഥാപാത്രങ്ങളും പ്രേക്ഷകർ ഇന്നും നെഞ്ചേറ്റുന്നു. അതേക്കുറിച്ച് അവർ സംസാരിക്കുന്നു. കാണുമ്പോഴെല്ലാം അതോർത്തെടുത്ത് പറയുന്നത് വലിയ ഊർജം നൽകുന്നുവെന്നും ഭാവന പറഞ്ഞു.
സ്വപ്നക്കൂട് സിനിമയിൽ താൻ കടലിൽ വീണ് മരിക്കുന്ന രംഗത്തെക്കുറിച്ചും ഭാവന പറയുന്നു. പോണ്ടിച്ചേരിയിൽ പോകുന്നവർക്ക് ഇപ്പോൾ അവിടെ ഒരു മസ്റ്റ് വിസിറ്റ് സ്പോട്ടാണെന്നും പലരും രസകരമായ റീലുകൾ അയച്ച് തരാറുണ്ടെന്ന സന്തോഷവും ഭാവന പങ്കുവച്ചു. വെറുതെയെിരിക്കാൻ ഏറെ ഇഷ്ടമെന്ന് പറയുമ്പോഴും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതാണ് സന്തോഷമെന്നും ഭാവന പറഞ്ഞു.