KERALA

അതിദാരിദ്ര്യ വിമുക്ത കേരളം: മോദി സർക്കാരിൻ്റെ ക്ഷേമപദ്ധതികളുടെ ഫലം; സിപിഐഎമ്മിൻ്റെ കേരള മോഡൽ കൊണ്ടു മാത്രം സാധിക്കില്ല: രാജീവ് ചന്ദ്രശേഖര്‍

അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമെന്ന നേട്ടം ഇന്ത്യയ്ക്കാകെ അവകാശപ്പെട്ടതാണ് എന്നാണ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കെ അവകാശവാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമെന്ന നേട്ടം ഇന്ത്യയ്ക്കാകെ അവകാശപ്പെട്ടതാണ് എന്നാണ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

അപ്പോൾ പിണറായി വിജയൻ തന്നെ അക്കാര്യം സമ്മതിക്കുന്നുണ്ട് - അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമെന്ന കേരളത്തിൻ്റെ നേട്ടം ഇന്ത്യയ്ക്കാകെ അവകാശപ്പെട്ടതാണെന്ന്.

യഥാ‍ർത്ഥത്തിൽ എന്താണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത് ?

നരേന്ദ്ര മോദി സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളുടെയും ക്ഷേമപദ്ധതികളുടെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത് എന്നത് തന്നെ. സിപിഎമ്മിൻ്റെ കേരള മോഡൽ കൊണ്ടു മാത്രം ഈ നേട്ടം കൈവരിക്കാൻ കഴിയില്ലായിരുന്നു എന്ന മറ്റൊരു അ‍ർത്ഥം കൂടി ഇതിനുണ്ട്. എന്നിട്ടും സിനിമാ താരങ്ങളെ കൂട്ടി ഈ നേട്ടം പിണറായി സ‍ർക്കാർ മാത്രം ആഘോഷിക്കുന്നത് എന്ത് കൊണ്ടാണ്?

മാറാത്തത് ഇനി മാറും.

രാജീവ് ചന്ദ്രശേഖറിൻ്റെ അവകാശവാദത്തിന് പിന്നാലെ വി. ശിവൻകുട്ടിയും പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കേരളം കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും അതിൻ്റെ പിതൃത്വം തട്ടിയെടുക്കാനും ബിജെപി സംസ്ഥാന പ്രസിഡൻ്റ് നടത്തുന്ന ശ്രമം പരിഹാസ്യമാണ്. കേരളം ഇന്ന് അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി മാറിയെങ്കിൽ, അതിൻ്റെ സമ്പൂർണ്ണ ഉത്തരവാദിത്തവും ക്രെഡിറ്റും ഈ നാടിൻ്റെ പുരോഗമനപരമായ സാമൂഹിക ഘടനയ്ക്കും ഈ നേട്ടം കൈവരിക്കാൻ കൃത്യമായ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുമാണ്.

"കേരള മോഡൽ കൊണ്ടു മാത്രം ഈ നേട്ടം കൈവരിക്കാൻ കഴിയില്ലായിരുന്നു" എന്ന വാദം വസ്തുതകളെ പൂർണ്ണമായി നിഷേധിക്കുന്നതാണ്. എന്താണ് ഈ നേട്ടത്തിന് പിന്നിലെ യാഥാർത്ഥ്യം?

-വ്യക്തമായ ആസൂത്രണം: സർക്കാർ അധികാരത്തിൽ വന്ന ശേഷം, സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 കുടുംബങ്ങളെ കൃത്യമായി കണ്ടെത്തുകയും, ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കി, അവരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ചിട്ടയായ പ്രവർത്തനം നടത്തുകയുമായിരുന്നു. ഇത് പൂർണ്ണമായും കേരള സർക്കാരിന്റെ തനത് പദ്ധതിയാണ്.

- ശക്തമായ അടിത്തറ: ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത സാർവത്രിക പൊതുവിതരണ ശൃംഖല, ശക്തമായ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സജീവമായ ഇടപെടൽ എന്നിവയാണ് കേരള മോഡലിന്റെ കരുത്ത്. ഈ അടിത്തറയില്ലാതെ ഒരു കേന്ദ്ര പദ്ധതിക്കും ഇങ്ങനെയൊരു നേട്ടം ഇവിടെ കൈവരിക്കാൻ സാധ്യമല്ല.

- കേന്ദ്രം ചെയ്തതെന്ത്?: "നരേന്ദ്ര മോദി സർക്കാരിന്റെ ക്ഷേമപദ്ധതികൾ" എന്ന് അങ്ങ് അവകാശപ്പെടുമ്പോൾ, കേരളത്തിന്റെ അതിജീവനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും സാമ്പത്തികമായി ഞെരുക്കുന്ന നടപടികളാണ് കേന്ദ്രം തുടർച്ചയായി സ്വീകരിക്കുന്നത് എന്ന കാര്യം മറക്കരുത്. സംസ്ഥാനത്തിന്റെ അർഹമായ വിഹിതം തടഞ്ഞുവെച്ചും, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ ബുദ്ധിമുട്ടിക്കുമ്പോൾ ആണ് നമ്മൾ ഈ ചരിത്രനേട്ടം കൈവരിച്ചത്.

കേരളത്തിന്റെ നേട്ടം ഇന്ത്യയ്ക്കാകെ അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിൽ, അത് ഇന്ത്യൻ ഫെഡറലിസത്തിന്റെ മഹത്വവും, മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവാനുള്ള കേരളത്തിന്റെ സന്നദ്ധതയുമാണ് കാണിക്കുന്നത്. അല്ലാതെ, ഡൽഹിയിലിരുന്ന് കേരളത്തിന്റെ പുരോഗതിക്ക് തുരങ്കം വെക്കുന്നവരുടെ ഔദാര്യമാണ് ഈ നേട്ടം എന്നല്ല. കേരളം ഒരു നേട്ടം കൈവരിക്കുമ്പോൾ അതിൽ അസൂയ പൂണ്ട് വ്യാജപ്രചാരണങ്ങളുമായി ഇറങ്ങുന്നത് ബിജെപിയുടെ രാഷ്ട്രീയ ദാരിദ്ര്യമാണ് കാണിക്കുന്നത്. കേരളത്തിന്റെ അഭിമാന നിമിഷത്തിൽ സിനിമാ താരങ്ങൾ എന്നല്ല, ഈ നാടിനെ സ്നേഹിക്കുന്ന ആരും പങ്കുചേരും. അതിൽ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് സത്യം കൃത്യമായി അറിയാം. കേരളം നേടിയെടുത്ത ഈ നേട്ടത്തെ റദ്ദ് ചെയ്യാനോ, അതിന്റെ നിറം കെടുത്താനോ ഒരു രാഷ്ട്രീയ മുതലെടുപ്പിനും സാധ്യമല്ല.

SCROLL FOR NEXT