KERALA

തലസ്ഥാനത്ത് ആവേശമുണർത്തി ബിഎസ്എൻഎൽ മിനി മാരത്തോൺ

പിഎംജി ജങ്ഷനിലെ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റർ ദൂരം പിന്നിട്ട് തിരിച്ച് അവിടെത്തന്നെ ഫിനിഷ് ചെയ്ത മാരത്തോണിൽ അറുനൂറോളം പേർ പങ്കെടുത്തു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം; ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) 26-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രാലയവുമായി സഹകരിച്ചു സംഘടിപ്പിച്ച മിനി മാരത്തോണിന് ആവേശോജ്വലമായ സമാപനം. തിരുവനന്തപുരം പിഎംജി ജങ്ഷനിലെ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റർ ദൂരം പിന്നിട്ട് തിരിച്ച് അവിടെത്തന്നെ ഫിനിഷ് ചെയ്ത മാരത്തോണിൽ അറുനൂറോളം പേർ പങ്കെടുത്തു. എട്ട് മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ നിഹാൻ മുഹമ്മദ് ഒന്നാമനായി. ജോയൽ ജോൺ, വിൻസൺ റോയ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

15 മുതൽ 45 വരെ പ്രായമുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ കരൺ സിംഗ് റെക്കോർഡ് നേട്ടത്തോടെ ഒന്നാമതെത്തി. സെൽജിൻ രണ്ടും സോനാറാം ഹെസ്സ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ രേഷ്മ ഗോമസ് ഒന്നാമതും റയാൻ. എച്ച് രണ്ടാമതും ബബിത. എസ് മൂന്നാമതും ഫിനിഷ് ചെയ്തു. 45 വയസിനു മുകളിൽ ഉള്ള പുരുഷന്മാരിൽ എസ്. നായർ ഒന്നാമതും ബിജു. എസ്.എൽ രണ്ടാമതും ബെൻറോയ്. എസ്.എസ് മൂന്നാമതും ഫിനിഷ് ചെയ്തു. വനിതാ വിഭാഗത്തിൽ സോയ സിയ ഒന്നാമതെത്തിയപ്പോൾ രേവതി, പ്രിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

അര്‍ജ്ജുന അവാര്‍ഡ് ജേതാവ് പത്മശ്രീ കെ.എം. ബീനാമോള്‍ മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇതുപോലെയുള്ള മാരത്തണുകളിലൂടെയാണ് ഭാവി വാഗ്ദാനങ്ങളെ കണ്ടെത്താൻ സാധിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇത്തരം ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ബീനാമോള്‍ പറഞ്ഞു. മുൻ തിരുവനന്തപുരം ജില്ലാ കളക്ടറും നിലവിലെ ജിഎസ്ടി സ്പെഷ്യൽ കമ്മീഷണറുമായ അനുകുമാരി ഐഎഎസും, രജിസ്ട്രാർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റിസ് കേരള അനു. എസ്. നായർ ഐഎഎസും ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി.

മാരത്തോൺ സംഘടിപ്പിക്കാൻ മുൻകൈ എടുത്ത ബിഎസ്എൻഎല്ലിനും കേന്ദ്ര ടെലികോം മന്ത്രാലയത്തിനും അനുകുമാരി ഐഎഎസ് അഭിനന്ദനങൾ അറിയിച്ചു. പ്രായഭേദമന്യെ മാരത്തണിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേരുന്നതിനോടൊപ്പം ശാരീരികക്ഷമത എന്നും കാത്ത് സൂക്ഷിക്കണമെന്ന് അനു. എസ്. നായർ സൂചിപ്പിച്ചു. മാരത്തോണില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക്കു 5,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2,000 രൂപയും ക്യാഷ് പ്രൈസ് ലഭിച്ചു. അതിനോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട മത്സരാർഥികൾക്കു പ്രോത്സാഹന സമ്മാനവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മത്സരാർഥികൾക്കു സമ്മാന കൂപ്പണുകളും ലഭിച്ചു.

ഷാജി. ടി.ആർ ( ഐടിഎസ് ,ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്ടമെന്റ് കേരള , മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ്), ജിതേന്ദ്ര പ്രകാശ് (ജനറൽ മാനേജർ, ബിഎസ്എൻഎൽ തിരുവനന്തപുരം), രമേശ്‌രാജ് (ജനറൽ മാനേജർ മൊബൈൽ സർവീസ് ബിഎസ്എൻഎൽ കേരള), ശ്രീജിത്ത്. എസ്.വി (കൺവീനർ, മാരത്തൺ കമ്മിറ്റി) , സുനിൽ ശിവൻ, ശ്രീകേഷ് (മാരത്തൺ കമ്മിറ്റി) എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മാരത്തൺ ചെയർപേഴ്സൺ മഞ്ജുഷ മേരി മാത്യൂ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി. ശാരീരികക്ഷമത, ഐക്യം, സാമൂഹിക കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബിഎസ്എന്‍എല്ലിന്റെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'റണ്‍ ടുഗെദര്‍ വിത്ത് ഹമാരാ ബിഎസ്എന്‍എല്‍' എന്ന മുദ്രാവാക്യത്തോടെ മാരത്തോണ്‍ സംഘടിപ്പിച്ചത് .

SCROLL FOR NEXT