വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി Source: Facebook/ V Sivankutty
KERALA

സ്കൂള്‍ സമയമാറ്റം: തീരുമാനം മാറ്റില്ല; ചര്‍ച്ച നടത്തുന്നത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍: മന്ത്രി ശിവന്‍ കുട്ടി

പഠനസമയമാറ്റം സംബന്ധിച്ച സാഹചര്യവും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാനായി ചൊവാഴ്ച കോഴിക്കോട് സമസ്ത ഏകോപന സമിതി യോഗം ചേരാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പഠനസമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. തീരുമാനം മാറ്റാനല്ല, കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് സമസ്തയുമായി ചര്‍ച്ചയെന്നും മന്ത്രി വ്യക്തമാക്കി. പഠനസമയമാറ്റം സംബന്ധിച്ച സാഹചര്യവും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാനായി ചൊവാഴ്ച കോഴിക്കോട് സമസ്ത ഏകോപന സമിതി യോഗം ചേരാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെ സമയമാറ്റം ഇല്ലെന്ന് മന്ത്രി ശിവന്‍ കുട്ടി ആവര്‍ത്തിച്ചു. എതിര്‍പ്പുന്നയിക്കുന്നവര്‍ ഇക്കാര്യം ഇപ്പോഴാണ് അറിയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും അക്കാദമികമായിട്ടുള്ള മുന്നേറ്റവുമാണ് പ്രധാനം. സ​മ​സ്തയുമായി ചര്‍ച്ചയ്ക്ക് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളുമായി സംസാരിച്ചു. തീരുമാനം മാറ്റാനല്ല, തീരുമാനം അവരെ ബോധ്യപ്പെടുത്താനാണ് ചര്‍ച്ചയെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്കൂളുകളില്‍ വെള്ളിയാഴ്ചയൊഴികെ പ്രവൃത്തി ദിവസങ്ങളില്‍ അര മണിക്കൂര്‍ അധികം അധ്യയനം നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, സമയം വര്‍ധിപ്പിക്കുന്നത് മതപഠനം നടത്തുന്ന വിദ്യാര്‍ഥികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തി. സ്‌കൂളുകളിലെ സമയമാറ്റം 12 ലക്ഷത്തോളം വിദ്യാർഥികളുടെ മതപഠനത്തെ ബാധിക്കും. ബുദ്ധിമുട്ട് മനസിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജിഫ്രി മുത്തുക്കോയ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സമസ്തയുടെ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍, തീരുമാനത്തില്‍നിന്ന് ഒരുതരത്തിലും പിന്നോട്ടുപോകില്ലെന്നായിരുന്നു വിദ്യഭ്യാസ വകുപ്പ് എടുത്ത തീരുമാനം. ഇതിനു പിന്നാലെയാണ് സമസ്ത ഏകോപന സമിതി ഇന്ന് യോഗം ചേരുന്നത്. വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും പ്രതിഷേധപരിപാടികളും ആലോചിക്കാനുമാണ് സമിതി യോഗം ചേരുന്നത്.

സംസ്ഥാന വിദ്യാഭ്യാസ ചട്ടപ്രകാരം 9, 10 ക്ലാസുകളില്‍ 220 പ്രവര്‍ത്തി ദിവസങ്ങളാണ് വേണ്ടത്. അഞ്ച് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള യുപി വിഭാഗത്തിന് 2025 ജൂലൈ 7, 2025 ഒക്‌ടോബര്‍ 25 എന്നീ രണ്ടു ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കി. ഹൈസ്കൂള്‍ വിഭാഗത്തിന് 2025 ജൂലൈ 7, ഓഗസ്റ്റ് 16, ഒക്‌ടോബര്‍ 04, ഒക്‌ടോബര്‍ 25, 2026 ജനുവരി 03, 2026 ജനുവരി 31 എന്നീ ആറ് ശനിയാഴ്ചകളും പ്രവൃത്തി ദിനമാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ്. ഷാനവാസ് ഉത്തരവിറക്കിയത്.

ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള എല്‍പി വിഭാഗത്തിന് അധിക പ്രവൃത്തി ദിവസങ്ങളില്ല. ഹൈസ്കൂളില്‍ എട്ട് പീരിയഡുകളും നിലനിര്‍ത്തിയാണ് പരിഷ്കരണം. രാവിലത്തെ ഇടവേള അഞ്ച് മിനിറ്റായും ഉച്ച ഭക്ഷണത്തിനായുള്ള ഇടവേള 60 മിനിറ്റായും ക്രമീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍, എയ്‌ഡഡ്, അംഗീകൃത അണ്‍ എയ്‌ഡഡ് സ്കൂളുകള്‍ക്ക് പുതുക്കിയ സമയക്രമം ബാധകമാണ്.

SCROLL FOR NEXT