തിരുവനന്തപുരം: കോവത്ത് 16കാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനിരൂപ് കസ്റ്റഡിയിൽ. ഡ്രീം സ്പാ നടത്തിപ്പിന് പിന്നിൽ അനിരൂപ് ആണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഹെൽത്ത് ഇൻസ്പെക്ടറെ തിരുവനന്തപുരം കോർപ്പറേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, അതിജീവിതയായ പെൺകുട്ടിയെ പൊലീസ് ഇന്ന് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തന്നെ ഒരു ദിവസം പതിനഞ്ചോളം പേർ പീഡിപ്പിച്ചിരുന്നു എന്നാണ് പെൺകുട്ടി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പീഡനം ചെറുത്തപ്പോൾ ഇളയമ്മയും ഭർത്താവും ചേർന്ന് ശരീരത്തിൽ പൊള്ളലേൽപ്പിച്ചെന്നും, അവർ നിരന്തരം മർദിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.
കേസിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം.
ഇതിനിടെ, ഇടപാടുകാരെ രക്ഷിക്കാനായി സ്പായിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും നശിപ്പിച്ചെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി രജിസ്റ്റര്‍ ചെയ്ത് കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവള്‍ക്ക് പതിനാറ് വയസ് മാത്രമാണ് ഉള്ളതെന്നും, കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡ് വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയത്. ജൂലൈ മുതല്‍ പത്തോളം വിവിധ സ്പാകളില്‍ പെണ്‍കുട്ടിയെ ജോലി ചെയ്യിപ്പിച്ചിരുന്നതായും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.