കൊച്ചി: തെരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ ആർഎസ്എസിനെതിരായ മതപീഡന പരാതികൾ വിഴുങ്ങി ഭാരത കത്തോലിക്ക മെത്രാൻ സമിതി. ക്രൈസ്തവ പ്രീണന നയവുമായി ആർഎസ്എസും കളം നിറയുകയാണ്. കത്തോലിക്കാ സമുദായ നേതാവിന്റെ ലേഖനം ആർഎസ്എസ് മുഖ മാസികയായ കേസരിയിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ ക്രൈസ്തവർക്കെതിരെ പീഡനം നടത്തുന്നത് മുസ്ലീങ്ങൾ ആണെന്ന് വാദവുമായാണ് ലേഖനം എഴുതിയിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ക്കുനേരെയുള്ള ഇസ്ലാം ഭീകരാക്രമണങ്ങളും വംശഹത്യകളും അധിനിവേശങ്ങളുമാണ് ലേഖനത്തിലുള്ളത്. ആഗോളതലത്തിൽ ക്രൈസ്തവരെ കൊന്നൊടുക്കുന്ന ഇസ്ലാം ഭീകരതയും, മുസ്ലീം ബ്രദര്‍ഹുഡിന്റെ അജണ്ടകളും ഇന്ത്യയ്ക്കും കേരളത്തിനും ചില മുന്നറിയിപ്പുകൾ നല്‍കുന്നുവെന്നും ലേഖനം പറയുന്നു. എന്നാൽ ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അക്രമങ്ങളെ കുറിച്ച് ഒരു വാക്കുപോലും ലേഖനത്തിൽ ഇല്ല.
പലസ്തീനിന്റെ മറവില്‍ ഹമാസിനെ വെള്ളപൂശാന്‍ ശ്രമിച്ച കേരളത്തിലെ രാഷ്ട്രീയ മത നേതൃത്വങ്ങളും സാംസ്‌കാരിക നായകരും ആയിരക്കണക്കിന് ക്രൈസ്തവര്‍ 12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദിനംതോറും ഭീകരവാദികളുടെ അക്രമത്തിലൂടെ ജീവന്‍ നഷ്ടപ്പെട്ട് മരിച്ചുവീഴുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാതെ നടത്തുന്ന ഒളിച്ചോട്ടം ക്രൈസ്തവര്‍ തിരിച്ചറിയണമെന്നും ലേഖനത്തില്‍ പറയുന്നു. ആർഎസ്എസ് മുഖമാസികയായ കേസരിയുടെ ഡിസംബര്‍ ലക്കത്തിലെ കവര്‍സ്റ്റോറിയാണ് ലേഖനം.
ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യയിലെ കത്തോലിക്കാ അല്മായരില്‍ ഏറ്റവും ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ഷെവലിയര്‍ വി.സി. സെബാസ്റ്റിയൻ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായുള്ള 174 കത്തോലിക്കാ രൂപതകളിലെ മെത്രാന്മാരുടെ സമ്മതത്തോടും കൂടിയാണ് ഈ ലേഖനം പുറത്തുവരുന്നത്. ആഗോളതലത്തില്‍ കത്തോലിക്കാ അല്മായര്‍ക്കു ലഭിക്കുന്ന വലിയ അംഗീകാരമായ ഷെവലിയര്‍ പദവി നല്‍കി ഫ്രാന്‍സീസ് മാര്‍പാപ്പ അദേഹത്തെ ആദരിച്ചിരുന്നു.
സീറോ മലബാർ സഭയിൽ ഷെവലിയാർ പദവിയുള്ള മൂന്നു പേരിൽ ഒരാളാണ് അഡ്വക്കേറ്റ് വിസി സെബാസ്റ്റ്യൻ. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ തലവനായ സീറോ മലബാർ സഭയുടെ തൃശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ലേഖനം എഴുതിയപ്പോഴും ആർഎസ്എസിനെതിരെ കാര്യമായ വിമർശനം ഉണ്ടായിരുന്നില്ല. രണ്ടുമാസം മുമ്പാണ് ഇതേ കേസരിയിൽ ഇന്ത്യയിലെ ക്രൈസ്തവർക്കെതിരെ കടുത്ത പരാമർശങ്ങൾ ഉയർത്തി ലേഖനം പ്രസിദ്ധീകരിച്ചത്.
ക്രൈസ്തവരെ രാജ്യദ്രോഹികൾ എന്നാണ് അന്ന് ലേഖനം വിശേഷിപ്പിച്ചത്. ആ ലേഖനത്തിനെതിരെ കടുത്ത വിമർശനവുമായി സഭാ നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരു വിഭാഗവും പരസ്പരം കെട്ടിപ്പിടിക്കുന്ന കാഴ്ചയാണ് കേസരി ലേഖനത്തിലൂടെ പുറത്തുവരുന്നത്.