ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തിയ കാട്ടാന ചക്കക്കൊമ്പന് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങിയിട്ടില്ലാത്തത് ദൗത്യത്തിന് വെല്ലുവിളിയാവുകയാണ്. സംഘം ചക്കക്കൊമ്പനെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. രാത്രി വൈകിയും ആനയിറങ്കൽ വനത്തിൽ സഞ്ചരിച്ചു. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ട്.
ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനായുള്ള ദൗത്യം നാലാം ദിവസവും തുടരണമോയെന്ന് രാവിലെയോടെ തീരുമാനിക്കും. ഇന്നലെ വൈകിട്ട് 4 മണിക്ക് മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാത്ത ആന, ജലാശയത്തിലേക്ക് ഇറങ്ങിയത് അര മണിക്കൂറോളം ദൗത്യസംഘത്തെ ആശങ്കയിലാക്കി. തുടർന്ന് കരയ്ക്ക് കയറിയ ആന, അക്രമാസക്തനായി ദൗത്യ സംഘത്തിന് നേരെയും തിരിയുകയും ചെയ്തു.
ഉൾക്കാട്ടിലേക്ക് കയറ്റി വെടി വയ്ക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ ശ്രമമെങ്കിലും വെളിച്ചക്കുറവ് പ്രതിസന്ധിയായതോടെ ദൗത്യം നിർത്തിവെക്കാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലന്ന് സിസിഎഫ് അറിയിച്ചു.