എറണാകുളം: സംസ്ഥാനത്ത് പോക്സോ കേസുകൾ തീർപ്പാക്കാൻ വലിയ കാലതാമസം ഉണ്ടാകുന്നുവെന്ന് ബാലാവകാശ കമ്മീഷന്റെ വെളിപ്പെടുത്തൽ. പൊലീസും ഫോറൻസിക് ഡിപ്പാർട്ട്മെൻ്റും പ്രോസിക്യൂട്ടര്മാരുമാണ് ഇതിനുത്തരവാദികളെന്നും കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കൃത്യമായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേസുകളുടെ എണ്ണം കൂടുന്നുണ്ട്, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചട്ടക്കൂടുകൾ ഇതെല്ലാമാണ് കേസുകൾ കെട്ടികിടക്കാൻ കാരണം.
ഇന്ന് കുട്ടിയായിരുന്നയാൾ കേസ് തീർപ്പാകുമ്പോഴും ബാല്യകാലം കഴിഞ്ഞിരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. കുറ്റവാളികൾ അടുത്ത കോടതികളിലേക്ക് അപ്പീലിന് പോകുമ്പോൾ, ചിലരൊക്കെ വിവാഹിതരാവുന്ന സാഹചര്യം വരെയുണ്ട്. എന്നാൽ ഇവർ കോടതി നടപടികളിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു.
സംസ്ഥാനത്ത് പോക്സോ അതിജീവിതരിൽ 98% പേർക്കും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും മനോജ് കുമാർ വ്യക്തമാക്കി. കോടതി ഉത്തരവിട്ടിട്ട് പോലും, വർഷങ്ങൾ കഴിഞ്ഞും പണം നൽകാൻ കഴിയുന്നില്ല. കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് കാരണം.സംസ്ഥാന സർക്കാർ ഫണ്ട് കൃത്യമായി ലഭിക്കുന്നുണ്ട്, എന്നാൽ കേന്ദ്രത്തിൽ നിന്ന് ചെറിയ അളവിൽ മാത്രമേ ഫണ്ട് ലഭിക്കുന്നുള്ളൂവെന്നും ചെയർപേഴ്സൺ പറയുന്നു.