പിടിയിലായ ഗോവിന്ദച്ചാമി, സിറ്റി പൊലീസ് കമ്മീഷണർ 
KERALA

പിടികൂടുമ്പോൾ ചില ആയുധങ്ങൾ ഗോവിന്ദച്ചാമിയുടെ കൈയ്യിൽ ഉണ്ടായിരുന്നു, ജയിൽ ചാടാൻ പ്രതി നേരത്തെ ആസൂത്രണം ചെയ്തിരുന്നു: സിറ്റി പൊലീസ് കമ്മീഷണര്‍

മതില്‍ ചാടാന്‍ പുതപ്പ് ലഭിച്ചത് സംബന്ധിച്ചും മറ്റും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഗോവിന്ദച്ചാമിയെ പിടികൂടിയത് മൂന്നര മണിക്കൂറിനുള്ളിലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. പ്രതി ജയില്‍ ചാടിയത് 4.15നും അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണെന്നും പൊലീസിന് വിവരം ലഭിച്ചത് ആറരയോടെയാണെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിയെ ആരെങ്കിലും ജയില്‍ ചാടാന്‍ സഹായിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുമെന്നും മതില്‍ ചാടാന്‍ പുതപ്പ് ലഭിച്ചത് സംബന്ധിച്ചും മറ്റും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഗോവിന്ദച്ചാമി ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് ലഭിക്കുന്നത് രാവിലെ 6.30 ഒക്കെ കഴിഞ്ഞിട്ടാണ്. ആ സമയം കഴിഞ്ഞതു മുതല്‍ തന്നെ വലിയ ജാഗ്രതയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ പൊലീസിനായിട്ടുണ്ട്. കണ്ണൂര്‍ റേഞ്ചിലും സംസ്ഥാനത്തുടനീളമുള്ള സേനാ വിഭാഗങ്ങളിലേക്കും വിവരങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു ജയില്‍ ചാട്ടം ഉണ്ടായ സമയത്ത് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും ഒരു ജാഗ്രത ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് 4.15 നും 5 മണിക്കും ഇടയിലുള്ള സമയത്താണ് ജയില്‍ ചാടിയതെന്ന് മനസിലാകുന്നത്. അതിന് ശേഷം സാധ്യമായ വഴികളിലൂടെയൊക്കെ അന്വേഷണം വ്യാപിപ്പിച്ചു. ഇവിടെ നില്‍ക്കുന്നവരുടെയും അതിന് പുറത്തുള്ളതുമായി പൊലീസുദ്യോഗസ്ഥരുടയും പിന്തുണയോടെയാണ് പ്രതിയെ പിടികൂടാനായത്. വിവരം ലഭിച്ച് മൂന്നര മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചു,' കമ്മീഷണര്‍ പറഞ്ഞു.

പ്രതി ചാടിപ്പോയതുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതില്‍ തെറ്റായ വിവരങ്ങളും ശരിയായ വിവരങ്ങളുമുണ്ടായിരുന്നു. അങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തളാപ്പ് ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് പ്രതിയുണ്ടെന്ന വിവരം ലഭിക്കുന്നത്. കിണറില്‍ മറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണെന്നും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തി പ്രതിയെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയെ ആരെങ്കിലും ജയില്‍ ചാടാന്‍ സഹായിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഒക്കെ അന്വേഷിക്കും. ജയില്‍ ചാടിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ക്ക് മനസിലായ സമയം തന്നെ പൊലീസിന് വിവരം ലഭിച്ചു. ജയില്‍ ചാടാന്‍ വേണ്ടി കുറച്ചു ദിവലസമായി ഇയാള്‍ നടത്തി വരികയായിരുന്നു എന്നാണ് ലഭ്യമായ വിവരം. പ്രതിയെ പിടികൂടുന്ന സമയത്ത് തന്നെ പ്രതിയുടെ കൈയ്യില്‍ നിന്ന് ചില ടൂളുകള്‍ ഒക്കെ കിട്ടിയിട്ടുണ്ട്. ഏത് രീതിയിലാണ് നേരത്തെയും പ്രതി പ്രവര്‍ത്തിച്ചിരുന്നതെന്ന് വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും കമ്മീഷണര്‍ പറഞ്ഞു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ കിണറ്റിലായിരുന്നു പ്രതി ഒളിച്ചിരുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥാനായ ഉണ്ണിയാണ് കിണറ്റിനുള്ളില്‍ ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത്. പുറത്തു പറഞ്ഞാല്‍ കുത്തിക്കൊല്ലുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയതായും ഉണ്ണി പറഞ്ഞിരുന്നു.

SCROLL FOR NEXT