രാഹുൽ മാങ്കൂട്ടത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ Source: facebook
KERALA

രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ കോടതി നടപടി സ്വാഭാവികം, പൊലീസ് അറിഞ്ഞുകൊണ്ട് പിടികൂടാതിരിക്കുകയാണെന്ന വാദം ശരിയല്ല: മുഖ്യമന്ത്രി

ഭാവിയിലെ നിക്ഷേപം എന്ന് കോൺഗ്രസ് കണക്കാക്കിയ ആളാണ് രാഹുലെന്നും, അദ്ദേഹത്തെ അതേ രീതിയിൽ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വൈകുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്ന സമയത്ത് അറസ്റ്റ് ചെയ്യാത്തത് പൊതുരീതിയാണെന്ന് തൃശൂരിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അറിഞ്ഞുകൊണ്ട് അറസ്റ്റ് വൈകിപ്പിക്കുന്നില്ല.കേരളത്തിന് പുറത്തും രക്ഷാകവചം ഒരുക്കിയത് രാഹുലിൻ്റെ സഹപ്രവർത്തകർ തന്നെയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ കോടതി നടപടി സ്വാഭാവികമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. രാഹുലിന് കോൺഗ്രസ് രക്ഷാവലയം തീർക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. "പോലീസിന് രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് ശരിയാണ്. എന്നാൽ പൊലീസ് അറിഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്ന വാദം ശരിയല്ല. സഹപ്രവർത്തകർ തന്നെയാണ് അദ്ദേഹത്തിന് സഹായം ചെയ്തുനൽകിയത്. അവർക്കാണ് എവിടെയാണ് ഉള്ളതെന്ന് അറിയുക. അയാളെ അറസ്റ്റ് ചെയ്യുക എന്നത് പൊലീസിൻ്റെ ഡ്യൂട്ടിയാണ്. സംരക്ഷിക്കുന്നവർക്ക് ആത്മാർഥതയുണ്ടെങ്കിൽ അത് പൊലീസിനെ അറിയിക്കുക," പിണറായി വിജയൻ പറഞ്ഞു.

ഭാവിയിലെ നിക്ഷേപം എന്ന് കോൺഗ്രസ് കണക്കാക്കിയ ആളാണ് രാഹുലെന്നും, അദ്ദേഹത്തെ അതേ രീതിയിൽ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാഹുലിന് ഒറ്റയ്ക്ക് ഒളിവിൽ പോകാൻ കഴിയില്ലല്ലോ, കർണാടകയിൽ പോകാൻ ഉത്താശ ചെയ്തുനൽകിയത് ആരാണ്? ആരൊക്കെയാണ് സംരക്ഷിക്കുന്നത് എന്ന് പരിശോധിച്ചാൽ മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബലാത്സംഗക്കേസിൽ ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ്. മുൻകൂർ ജാമ്യ ഹർജി 15ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്യാതിരുന്നാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.

SCROLL FOR NEXT