കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലിന് അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നിലവിൽ സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തിര സ്റ്റേ അനുവദിച്ചിട്ടില്ല. സിംഗിൾ ബെഞ്ചിന് മുമ്പാകെ എത്തിയ ഹർജിയിൽ എതിർ കക്ഷി അല്ലാത്തതിനാലാണ് അപ്പീലിന് അനുമതി തേടിയത്.
അതേസമയം, സിഎംആർഎൽ-എക്സാലോജിക് കേസിലെ ഹർജിയിൽ പിണറായി വിജയൻ്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സ്വീകരിച്ചത്. കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നുവെന്നും ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് അനുസരിച്ച് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തതായി സർക്കാരും ഇ.ഡിയും കോടതിയെ അറിയിച്ചു.
ഇ.ഡി സർക്കാരിന് കൈമാറിയത് ഒരു റിപ്പോർട്ട് മാത്രമാണെന്നും സാക്ഷി മൊഴികളോ മറ്റു അനുബന്ധ രേഖകളോ നൽകിയിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളതെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇ.ഡി നൽകിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.
പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് പിഎ മുഹമ്മദ് റിയാസും കോടതിയിൽ വാദങ്ങൾ ഉന്നയിച്ചു. ഹർജി പൊതുതാൽപര്യ ഹർജിയാണെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും അത് പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്നുമാണ് റിയാസിന്റെ വാദം. ഹർജി പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണെന്നും അദ്ദേഹം വാദിച്ചു. കേസിൽ സിംഗിൾ ബെഞ്ച് സ്വീകരിച്ച നടപടിയുടെ നിയമസാധുതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടത്.
ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന വ്യക്തിയായി കാണാനാവില്ലെന്നും സർക്കാരും മറ്റ് എതിർകക്ഷികളും കോടതിയിൽ വാദിച്ചു. മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ഷാജഹാൻ നേരത്തെ പ്രതികൂല പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും പിന്നീട് മാപ്പപേക്ഷിച്ച് നടപടികളിൽനിന്ന് ഒഴിവായെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഷാജഹാൻ സമർപ്പിച്ച ഹർജി പൊതുതാൽപര്യ ഹർജിയാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നുവെന്നും ഹൈക്കോടതി രജിസ്ട്രിയും ഹർജിയിൽ എതിർപ്പ് ഉയർത്തിയിരുന്നെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെ നിയമനടപടി ആവശ്യപ്പെടുന്നതിന് മുമ്പ് ഷാജഹാൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നില്ലെന്നും എതിർകക്ഷികൾ വാദിച്ചു. അപ്പീലിൽ വാദം തുടരുകയാണ്.