ഡൽഹി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം. മുൻ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുക്കുന്നതിന് ഒരാഴ്ചത്തേക്ക് താൽക്കാലിക സ്റ്റേ ആണ് സുപ്രീം കോടതി ഏർപ്പെടുത്തിയിരിക്കുന്നത്. മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഒറ്റദിവസം കൊണ്ട് എഫ്ഐആർ ഇട്ട വിജിലൻസ് നടപടിയേയും കോടതി പരിഹസിച്ചു.
ആദ്യം ത്വരിതാന്വേഷണം നടത്താതെ കേസെടുത്ത വിജിലൻസ് നടപടി തെറ്റായ നടപടിക്രമം ആണെന്നും സുപ്രീം കോടതി വിമർശിച്ചു. സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ കോടതിയുടെ വിമർശനമുണ്ട്. കേസിലെ ഹർജി ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുമെന്നും പ്രതിഭാഗത്തിൻ്റെ വാദം കേട്ട് കേസിൻ്റെ മെറിറ്റിൽ വേണം ഹൈക്കോടതി നടപടിയെടുക്കാനെന്നും സുപ്രീം കോടതി നിർദേശിച്ചു.
അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് വിജിലൻസ് കേസിലെ അന്വേഷണ നടപടികള് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. "ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു" എന്ന് പരിഹസിച്ച ജസ്റ്റിസ് മോഹന, "കേസെടുക്കാൻ മാത്രം ഇത്ര അടിയന്തര പ്രാധാന്യം എന്തായിരുന്നു" എന്നും സംസ്ഥാന സർക്കാരിനോട് ചോദിച്ചു. പിണറായി വിജയന് അപ്പീൽ നൽകാനുള്ള അവസരം നഷ്ടപ്പെടുത്തിയ സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ച സുപ്രീം കോടതി ഹര്ജി ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ നിർദേശിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഉള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി. ഇ.ഡിക്കും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. അധികാര പരിധി കടക്കരുതെന്ന് ഇ.ഡിയോട് സുപ്രീം കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ 82കാരനായ പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജിയിൽ സുപ്രീം കോടതിയിൽ വാദം തുടരുകയാണ്. ഇ.ഡി കേസും തടയണമെന്ന് പിണറായി വിജയൻ്റെ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്.
ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികൾക്കാണ് ഇന്ന് സുപ്രീം കോടതിയിൽ തുടക്കമാകുന്നത്. വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയിലെത്തിയത്.
തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികളും കോടതി ഇന്ന് പരിഗണിക്കും. പിണറായിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ സമൻസ് പതിച്ചടക്കം കേസിൽ ഇഡി കേസിൽ അതിവേഗ നീക്കങ്ങങ്ങളാണ് നടത്തുന്നത്. ഇ.ഡി കേസിന്റെ അടക്കം ആധാരമായ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നതാണ് പിണറായിയുടെ ആവശ്യം.
ആരോപണവിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് നേരത്തെ വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീം കോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേഗം പരിഗണിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.