കടകംപള്ളി സുരേന്ദ്രന്‍, സ്വപ്ന സുരേഷ് Source: News Malayalam 24x7
KERALA

"സ്വപ്നയ്ക്ക് കടകംപള്ളി സുരേന്ദ്രന്‍ മോശം സന്ദേശങ്ങള്‍ അയച്ചു"; കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്, ഡിജിപിക്ക് പരാതി നല്‍കി

കോൺഗ്രസ് നേതാവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം. മുനീർ ആണ് ഡിജിപിക്ക് പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുൻ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പരാതി. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് നേതാവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം. മുനീർ ആണ് ഡിജിപിക്ക് പരാതി നൽകിയത്.

സ്വർണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷ് 2022ല്‍ വിവിധ ചാനലുകളിൽ കൊടുത്ത അഭിമുഖങ്ങളില്‍ ആ സമയത്ത് ദേവസ്വം-സഹകരണ മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിക്കുകയുണ്ടായി എന്ന് പരാതിയില്‍ മുനീർ ആരോപിക്കുന്നു. മുന്‍ മന്ത്രി തനിക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും അന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നതായി അഭിമുഖങ്ങളുടെ ഫേസ്ബുക്ക് ലിങ്കുകള്‍ സഹിതമാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കടകംപള്ളിയുടെ പ്രവൃത്തി ഇന്ത്യൻ ശിക്ഷാനിയമം 354, 354എ, 354ഡി and 509 എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരവും ശിഷാർഹവുമാണെന്ന് പരാതിയില്‍ പറയുന്നു. മന്ത്രിയുടെ പ്രവൃത്തി പ്രഥമദൃഷ്ടിയിൽ കുറ്റകരമാണെന്നിരിക്കെ ആ സമയം ബന്ധപ്പെട്ട പൊലീസ് എതിർകക്ഷിക്ക് എതിരെ നിയമനടപടി സ്വീകരിച്ചില്ല. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരകളായ സ്ത്രീകളെ കണ്ടു ചോദിച്ചു മൊഴി സ്വീകരിച്ച് എതിർകക്ഷിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് മുനീർ ആവശ്യപ്പെടുന്നത്.

ലൈംഗിക ആരോപണങ്ങളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായ ഘട്ടത്തിലാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ഉയർന്നുവരുന്നത്. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുലിന്റെ ശബ്ദസന്ദേശങ്ങളും മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെ തുടർന്ന് രാഹുലിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ടിയും വന്നു. രാഹുലിന് പ്രതിരോധിക്കാന്‍ യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തരം ഒരു പരാതി ഡിജിപിയിലേക്ക് എത്തുന്നത്.

SCROLL FOR NEXT