
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ പാർട്ടി നിലപാട് എടുക്കും മുൻപ് വനിത നേതാക്കൾ രംഗത്തുവന്നത് തെറ്റെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. ഒരംഗമെന്ന നിലയിൽ സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുലിന് അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
രാഹുലിന് യുഡിഎഫ് പിന്തുണയുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമല്ലെന്ന് ഹസന്‍ പറഞ്ഞു. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ ആളെ പിന്തുണയ്ക്കുമോ എന്നത് അപ്രസക്തമാണ്. രാഹുലിനെതിരെ മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും എം.എം. ഹസന്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം, പാലക്കാട് എംഎല്‍എയ്ക്ക് എതിരെ ഉയർന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. രാഹുൽ സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ സിപിഐഎം തീരുമാനം എടുക്കേണ്ടെന്നും അടൂർ പ്രകാശ് വെല്ലുവിളിച്ചു.
രാഹുലിനെതിരെ ആരോപണം ഉയർന്ന സാഹചര്യം പരിഗണിച്ചാണ് സംഘടനാ തലത്തിൽ നടപടി സ്വീകരിച്ചതെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. എൽഡിഎഫിൽ ഉള്ളവർക്കെതിരെയും സമാന ആരോപണമുള്ളപ്പോൾ രാഹുലിനെ മാത്രം എന്തിന് നിയമസഭാ സമ്മേളനത്തിൽനിന്ന് മാറ്റി നിർത്തണമെന്നും അടൂർ പ്രകാശ് ചോദിച്ചു. എല്ലാവർക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നും രാഹുലിന് സംരക്ഷണം ഒരുക്കുമെന്നുമാണ് യുഡിഎഫ് കണ്‍വീനർ അറിയിച്ചത്.
അതേസമയം, യൂത്ത് കോൺഗ്രസിന് ഒരു സംഘടനാ ദൗർബല്യവും സംഭവിച്ചിട്ടില്ല എന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. സംഘടനാ പ്രവർത്തനം ശക്തമാണ്. പുതിയ അധ്യക്ഷൻ്റെ കാര്യത്തിൽ ദേശീയ നേതൃത്വം ഉടൻ തീരുമാനമെടുക്കുമെന്നും ഷാഫി പറമ്പിൽ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ലൈംഗിക ആരോപണങ്ങള്‍ ഉയർന്നതിനെ തുടർന്ന് രാഹുല്‍ ഒഴിഞ്ഞതിനു പിന്നാലെ അധ്യക്ഷ സ്ഥാനത്തിനായി യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വടംവലി സജീവമാണ്. സംഘടനയ്ക്കുള്ളിൽ ചർച്ച നടത്താതെ അധ്യക്ഷനെ തീരുമാനിക്കരുതെന്ന ആവശ്യം യൂത്ത് കോൺഗ്രസിനുള്ളിൽ ശക്തമാകുകയാണ്. ഓണാഘോഷം കഴിഞ്ഞാൽ നിയമസഭ തുടങ്ങാനിരിക്കെയാണ് ചർച്ചകൾ സജീവമാകുന്നത്.