മുഹമ്മദ് റിയാസ്, പിഎംഎ സലാം, വി. ശിവൻകുട്ടി Source: News Malayalam 24x7
KERALA

പിഎംഎ സലാം സംസ്കാരം പുറത്തെടുത്തെന്ന് ശിവൻകുട്ടി, ലീഗിനും ഇതേ ഭാഷയാണോ എന്ന് മുഹമ്മദ് റിയാസ്; മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം

കഴിഞ്ഞ ദിവസമാണ് പിഎംഎ സലാം മുഖ്യമന്ത്രിയേയും ലൈംഗിക ന്യൂനപക്ഷങ്ങളേയും അധിക്ഷേപിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വൻ വിവാദമായി മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിൻ്റെ പരാമർശം. അത്തരമൊരു പരാമർശം നടത്താൻ പാടില്ലെന്നും പിഎംഎ സലാം അയാളുടെ സംസ്കാരം പുറത്തെടുത്തെന്നും മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. സലാമിൻ്റെ ഭാഷയാണോ ലീഗിനെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു.

പിഎംഎ സലാം പറഞ്ഞ അതേ അഭിപ്രായമാണ് പിഎം ശ്രീ വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും പാണക്കാട് തങ്ങൾക്കുമെങ്കിൽ അത് അവർ പറയട്ടെയെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന. സാധാരണ ഗതിയിൽ മുസ്ലീം ലീഗ് നേതാക്കളൊന്നും ഇത്തരം പ്രസ്താവനകൾ നടത്തുന്നവരല്ല. സലാം കാണിച്ചത് അദ്ദേഹത്തിൻ്റെ സംസ്കാരമാണെന്ന് മന്ത്രി വി. ശിവൻകുട്ടിയും ആഞ്ഞടിച്ചു.

പിഎംഎ സലാമിനോട്‌ മാപ്പ് പറയാൻ ലീഗ് നേതൃത്വം ആവശ്യപ്പെടണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. "മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമർശമാണ് സലാമിൻ്റേത്. വിഷയങ്ങൾ ഉന്നയിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന സാമാന്യബോധം നഷ്ട്ടപ്പെട്ടു. രാഷ്ട്രീയ പാപ്പരത്വവുമാണ് ഇത്തരം വാക്കുകളിലൂടെ പുറത്തുവരുന്നത്.രാഷ്ട്രീയ വിവാദത്തിനായി മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് വിലകുറഞ്ഞ തന്ത്രമാണ്," വി. ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പിഎംഎ സലാം മുഖ്യമന്ത്രിയേയും ലൈംഗിക ന്യൂനപക്ഷങ്ങളേയും അധിക്ഷേപിച്ചത്. മലപ്പുറം വാഴക്കാട് പഞ്ചായത്ത് സമ്മേളനത്തിലായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപ പ്രസംഗം.പിഎംഎ സലാമിൻ്റെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണുംകെട്ടവനാണെന്ന് പിഎംഎ സലാം പറഞ്ഞു.

"മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം," ഇങ്ങനെയായിരുന്നു പിഎംഎ സലാമിൻ്റെ പ്രസ്താവന.

അതേസമയം പിഎംഎ സലാമിനെതിരെ സിപിഐഎം നേരത്തെ രംഗത്തെത്തിയിരുന്നു. പിഎംഎ സലാമിൻ്റേത് തരംതാണ നിലപാടെന്ന് സിപിഐഎം പറഞ്ഞു. മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹം. രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോഴാണ് ഈ ശ്രമങ്ങളെന്നും മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഐഎം പറഞ്ഞു. ലീഗിന്റെ സാംസ്കാരിക അപചയമാണ് വ്യക്തമായതെന്നും പിഎംഎ സലാമിന് സിപിഐഎം മറുപടി നൽകി.

SCROLL FOR NEXT