പത്തനംതിട്ട: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ മുരാരി ബാബുവിനെ ഈ മാസം 28ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രൊഡക്ഷൻ വാറന്റിന്റെ അടിസ്ഥാനത്തിലാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. എസ്ഐടിയുടെ കസ്റ്റഡി അപേക്ഷയിൽ 28ന് തീരുമാനമുണ്ടാകും.
സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയ ഉത്തരവ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് വരെ കണ്ടിരുന്നെന്നായിരുന്നു മുരാരി ബാബു എസ്ഐടിക്ക് നൽകിയ മൊഴി. ഗൂഢാലോചനയുടെ ഭാഗമായിട്ടല്ല ചെമ്പ് എന്ന് രേഖപ്പെടുത്തിയതെന്നാണ് വിശദീകരണം നൽകിയിട്ടുണ്ട്. ദേവസ്വം ഭരണസമിതി അടക്കം ഇത് കണ്ടിട്ടും തിരുത്തിയില്ലെന്നും മുരാരി ബാബുവിൻ്റെ മൊഴിയിൽ പറയുന്നു.
സ്വർണത്തെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ദേവസ്വം പ്രസിഡൻ്റ് പത്മകുമാർ കണ്ടിരുന്നുവെന്ന് മുരാരി ബാബു മൊഴി നൽകി. ദേവസ്വം കമ്മീഷണർ എൻ വാസുവും കണ്ടു. ആരും തിരുത്താതിരുന്നതിനാലാണ് ചെമ്പെന്ന് മഹസറിലും രേഖപ്പെടുത്തിയത്. ഗൂഢാലോചനയുടെ ഭാഗമല്ല ഇതെന്നും മുരാരി ബാബു വെളിപ്പെടുത്തി. ചെമ്പ് പാളിയിലാണ് സ്വർണം പൂശിയത്. കാലപ്പഴക്കത്താൽ പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയെ കുറിച്ച് അറിയില്ലെന്നും മുരാരി ബാബു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുരാരി ബാബുവിനെ റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് പെരുന്നയിലെ വീട്ടിൽ നിന്ന് എസ്‌ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു.