തിരുവനന്തപുരം: സിപിഐഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഇനി ബിജെപിയിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കും. ദേവികുളത്ത് നിന്ന് മൂന്ന് തവണ സിപിഐഎം ടിക്കറ്റിൽ എംഎൽഎയായ നേതാവാണ് ചുവടുമാറിയിരിക്കുന്നത്.
കഴിഞ്ഞ നാലുവർഷത്തിലേറെയായി സിപിഐഎമ്മുമായി അകൽച്ചയിലായിരുന്നു മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. 2021 ലെ തെരഞ്ഞെടുപ്പിൽ എ. രാജ എംഎൽഎയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഐഎം രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. ഇക്കാലമത്രയും സിപിഐഎമ്മുമായി നിരന്തര കലഹത്തിലായിരുന്നു. പ്രാദേശിക നേതൃത്വവുമായി പല വിഷയങ്ങളിലും കലാപക്കൊടി ഉയർത്തി.
തോട്ടം മേഖലയിലെ സ്വാധീനമുള്ള നേതാവ് എന്ന നിലയിൽ സസ്പെൻഷൻ കാലാവധിക്ക് ശേഷം പാർട്ടി അംഗത്വം പുതുക്കാൻ സിപിഐഎം രാജേന്ദ്രന് അവസരം നൽകിയിരുന്നു. എന്നാൽ രാജേന്ദ്രൻ അത് നിരസിച്ചു. ഇതിനിടെ പലതവണ മറ്റു പാർട്ടികളിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നു.
ഒടുവിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതായും ബിജെപി പ്രവേശനം സംബന്ധിച്ച് ചർച്ച നടത്തിയതായും രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇന്ന് രാവിലെ ബിജെപി ആസ്ഥാനത്ത് എത്തിയ രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു. ഉപാധികൾ ഇല്ലാതെയാണ് ബിജെപിയിൽ ചേർന്നതെന്ന് രാജേന്ദ്രൻ പറഞ്ഞു. നിയമസഭയിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നും താൻ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചെന്നും രാജേന്ദ്രൻ പറഞ്ഞു.
ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വെച്ചിട്ടില്ലെന്ന് പാർട്ടിയിൽ ചേർന്നതിന് പിന്നാലെ രാജേന്ദ്രൻ പറഞ്ഞു. ജില്ലയുടെ പൊതുവായ വികസന കാര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്നും രാജേന്ദ്രൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി രാജേന്ദ്രൻ വോട്ടഭ്യർത്ഥിച്ചത് വാർത്തയായിരുന്നു. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലായിരുന്നു രാജേന്ദ്രൻ വോട്ടു തേടിയിറങ്ങിയത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി മോഹം ഇല്ലെന്ന് രാജേന്ദ്രൻ പറയുമ്പോഴും തോട്ടം മേഖലയിൽ സ്വാധീനമുള്ള ആളെന്ന നിലയിൽ എസ്. രാജേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി ദേവികുളം മണ്ഡലത്തിൽ അവതരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.