എസ്. അജയകുമാർ  Source: News Malayalam 24x7
KERALA

"ബിനോയ് വിശ്വം നാലാംകിട രാഷ്‌ട്രീയക്കാരനെ പോലെ പെരുമാറുന്നു"; രൂക്ഷവിമർശനവുമായി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം

ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളതെന്നും അജയകുമാർ.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സിപിഐയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എസ്. അജയകുമാർ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നത് എന്നാണ് അജയകുമാർ പറഞ്ഞത്. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളതെന്നും അജയകുമാർ ചൂണ്ടിക്കാട്ടി.

സിപിഐക്ക് കേവലം 5% വോട്ട് മാത്രമേ സംസ്ഥാനത്ത് നിന്ന് ലഭിക്കുന്നുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്നാൽ സിപിഐയ്ക്ക് ജയിക്കാൻ സാധിക്കില്ല. എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത്, അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്‌ട്രീയ പാർട്ടിക്കാരാണ് സിപിഐ എന്നും അജയകുമാർ വിമർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും അജയകുമാർ ചോദിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റാൽ അതിൻ്റെ പൂർണ ഉത്തരവാദിത്വം സിപിഐഎമ്മിനും, ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപി ഐക്കുമാണ് എന്നതാണ് സമീപനമെന്നും അജയകുമാർ പറഞ്ഞു.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് എസ്. അജയകുമാർ. ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിന് ഇടയിലായിരുന്നു അജയകുമാറിൻ്റെ പ്രതികരണം.

SCROLL FOR NEXT