മുതിർന്ന സിപിഐഎം നേതാവ് ടി.പി. ദാസൻ അന്തരിച്ചു 
KERALA

മുതിർന്ന സിപിഐഎം നേതാവ് ടി.പി. ദാസൻ അന്തരിച്ചു; വിട വാങ്ങിയത് മികച്ച സ്പോർട്സ് സംഘാടകൻ

സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് ആയിരുന്നു ടി.പി. ദാസൻ.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മുതിർന്ന സിപിഐഎം നേതാവ് ടി.പി. ദാസൻ അന്തരിച്ചു. 76 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. നിലവിൽ സിപിഐഎം കോഴിക്കോട്‌ ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്‌.

ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ മുൻ മേയർ, ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് എന്നി നിലകളിൽ ടി.പി. ദാസൻ പ്രവർത്തിച്ചു.

അരിക്കുളം പഞ്ചായത്തിലെ കാരയാടിൽ നിന്ന് കോഴിക്കോട് എത്തിയാണ് ടി.പി. ദാസൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. മേപ്പയ്യൂർ സ്കൂളിലെ വിദ്യാർഥിയായിരുന്ന ദാസൻ, കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിൽ നിന്നാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.

എസ്എസ്എൽസി പഠനത്തിന് ശേഷം കായികാധ്യാപക ഡിപ്ലോമ നേടി. തുടർന്ന് തളി സർക്കാർ യുപി സ്കൂളിൽ കുറഞ്ഞ കാലയളവിൽ ജോലി ചെയ്തിരുന്നു. രണ്ട് വർഷത്തിന് ശേഷം സമരത്തിൽ പങ്കെടുത്തതിന് ജോലി നഷ്ടമാവുകയും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയുമായിരുന്നു.

കോൺഗ്രസ് ഐയിലെ സി. കൃഷ്ണൻകുട്ടിയെ 16 വോട്ടിന് പരാജയപ്പെടുത്തിയാണ് ദാസൻ കോഴിക്കോട് മേയർ പദവിയിലെത്തിയത്. മികച്ച സഹകാരി, സ്പോർട്‌സ് സംഘാടകൻ തുടങ്ങിയ മേഖലകളിലും ദാസൻ തിളങ്ങിയിട്ടുണ്ട്‌. കോഴിക്കോട് ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി.പി. ദാസൻ.

SCROLL FOR NEXT