രാഹുൽ മാങ്കൂട്ടത്തിൽ Source; Social Media
KERALA

ആരോപണമുന്നയിച്ചവരുടെ മൊഴിയെടുക്കും, ഡിജിറ്റൽ തെളിവുകൾ പരിശോധിക്കും; രാഹുലിനെതിരായ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ പൊലീസ്

നടി റിനി ആൻ ജോർജിൻ്റേയും അവന്തികയുടേയും മൊഴിയും രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ലൈംഗികാരോപണങ്ങളിൽ അന്വേഷണം വേഗത്തിലാക്കാൻ പൊലീസ്. കേസിൽ തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിൻ്റെ നീക്കം. ഇതിനായി ആരോപണമുന്നയിച്ചവരുടെ നൽകിയവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇവരുടെ പക്കലുള്ള ഡിജിറ്റൽ തെളിവുകൾ അടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

നടി റിനി ആൻ ജോർജിൻ്റേയും അവന്തികയുടേയും മൊഴിയും രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. ഇതിനായി ഇരുവർക്കും നോട്ടീസ് നൽകും. കഴിഞ്ഞദിവസമാണ് ലൈംഗികാരോപണങ്ങളിൽ ക്രൈം ബ്രാഞ്ച് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, അവരെ ദ്രോഹിക്കാന്‍ ശ്രമിക്കുക എന്നതടക്കമുള്ള, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എന്നാണ് കരുതുന്നത്. അതേസമയം, പൊലീസ് അന്വേഷണം തുടങ്ങിയതോടെ സിപിഐഎമ്മും നിലപാട് കടുപ്പിക്കുകയാണ്. രാഹുൽ മങ്കൂട്ടത്തിലിന് വൈകാതെ രാജിവെക്കേണ്ടി വരും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം ആഗ്രഹിക്കുന്നത് രാഹുലിന്റെ രാജിയാണ്. സമീപനം തിരുത്താൻ കോൺഗ്രസിനെ ജനങ്ങൾ നിർബന്ധിക്കുമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി രാഹുലിനെ പിന്തുണച്ചാണ് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തിയത്. രാഹുലിന് എതിരെയുള്ളത് കള്ള കേസ് ആണെന്നും ഇതുവരെ ഇരകളാരും പരാതി നൽകിയിട്ടില്ലെന്നും പിന്നെങ്ങനെ സർക്കാരിന് കേസ് എടുക്കാൻ കഴിയുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

അതേസമയം, രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറ‍ഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ അവധി അപേക്ഷ നൽകിയിട്ടില്ല. സസ്പെന്ഷൻ വിഷയത്തിൽ ഇതുവരെ കത്ത് ഒന്നും കിട്ടിയിട്ടില്ല. കത്ത് കിട്ടിയാൽ വേണ്ടതുപോലെ ചെയ്യുമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറ‍ഞ്ഞു.

SCROLL FOR NEXT