ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരെ ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. സുധാകരൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും കോടാലിയാണ്. കിട്ടിയ എംഎൽഎ പദവി ഉപയോഗിച്ച് സിപിഐഎമ്മിനെയും നേതാക്കളെയും കരി വാരിത്തേക്കുന്നു.
സിപിഐഎമ്മിൻ്റെ ചോരയും നീരും ഊറ്റി വളർന്ന് സകല സ്ഥാനമാനങ്ങളും നേടിയെടുത്തു. നാല് വെള്ളിക്കാശിന് പാർട്ടിയെ ഒറ്റുക്കൊടുത്തുവെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. ഓരോ ദിവസവും പാർട്ടി നേതാക്കളെ പുലഭ്യം പറയുകയാണ് ജി. സുധാകരൻ. ഇത് ശരിയല്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
നേട്ടത്തിന് വേണ്ടി സ്വന്തം സഹോദരൻ്റെ രക്തസാക്ഷിത്വത്തിന് പുതിയ കഥ മെനഞ്ഞ് വലതുപക്ഷ രാഷ്ട്രീയത്തിൽ നല്ല പിള്ള ചമയുകയാണ്. രക്തസാക്ഷി ഭുവനേശ്വരൻ്റെ ബലി കുടീരത്തിൽ കയറാനുള്ള രാഷ്ട്രീയ വിശുദ്ധി സുധാകരൻ നഷ്‌ടപ്പെടുത്തി. സുധാകരന് എപ്പോഴാണ് പാർട്ടിക്കാർ കള്ളുകുടിയൻമാരും മോശക്കാരുമായതെന്ന് വ്യക്തമാക്കണമെന്നും സെക്രട്ടറിയേറ്റിൽ അംഗങ്ങൾ ഉന്നയിച്ചു.
കോൺഗ്രസുകാരുടെയും ബിജെപിക്കാരുടെയും കയ്യടി വാങ്ങാൻ സുധാകരൻ തറവേല നടത്തുകയാണ്. ചാരുംമൂട് ഏരിയ സെക്രട്ടറിയെ ശുംഭൻ എന്നു വിളിച്ച് പരിഹസിച്ചത് തെറ്റായ രീതിയാണെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ അംഗങ്ങൾ പറഞ്ഞു.