മാർട്ടിൻ 
KERALA

അതിജീവിതയ്‌ക്കെതിരായ അപവാദ പ്രചരണം: വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ; നൂറോളം സൈറ്റുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്യാൻ പൊലീസ് നിർദേശം

അറസ്റ്റിലായവരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരെ രണ്ടാംപ്രതി മാർട്ടിൻ പങ്കുവെച്ച വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. നൂറോളം സൈറ്റുകളിൽ നിന്നും വീഡിയോ നീക്കം ചെയ്യാനും പൊലീസ് നിർദേശിച്ചു.

ജില്ലാ ക്രൈം ബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ഒരാൾ കൂടി പിടിയിലായിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായവരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതികൾക്കെതിരെ ഐടി ആക്ടിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ നൂറിലധികം ആളുകളുടെ പ്രൊഫൈൽ കണ്ടെത്തുകയും ഇതിൽ 27 പേർക്കെതിരെ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മെറ്റ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. വീഡിയോ അപ്‌ലോഡ് ചെയ്തവർ ഡിലീറ്റ് ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരെ തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ കർശന നടപടി സ്വീകരിച്ചു മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അതിവേഗ നടപടി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ പ്രചരിപ്പിച്ച, നടിയെ ആക്രമിച്ച കേസിലെ രണ്ടാംപ്രതി മാർട്ടിൻ അടക്കമുള്ളവർക്കെതിരെ ഐടി ആക്ട് 67, 72, 75 തുടങ്ങിയ വകുപ്പുകൾ പ്രകാരം ജാമ്യമില്ല കുറ്റം ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ലൈംഗിക അധിക്ഷേപം, അപകീർത്തിപ്പെടുത്തൽ, ഇലക്ട്രോണിക്സ് മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

SCROLL FOR NEXT