കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാ ദൗത്യത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹത്തോടുള്ള അനാദരവിൽ കണ്ണൂർ ജില്ലാ കളക്ടർക്കും പരിയാരം മെഡിക്കൽ കോളജ് അധികൃതർക്കുമെതിരെ ഡിസിസി സെക്രട്ടറി കെ.കെ. സുരേഷ് കുമാർ രംഗത്ത്. മൃതദേഹം ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ കൊണ്ടുപോയത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.
സംഭവം വളരെ ഗൗരവത്തോടെ പരിശോധിക്കണമെന്നും കണ്ണൂർ ഡിസിസി സെക്രട്ടറി കെ.കെ. സുരേഷ് കുമാർ പറഞ്ഞു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് പരിയാരം മെഡിക്കൽ കോളേജിൻ്റെ ആംബുലൻസിൽ, മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനും തിരുവനന്തപുരത്ത് നിന്ന് എത്തിയ പഞ്ചായത്ത് അംഗവും ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഫ്രീസർ ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഡിസിസി സെക്രട്ടറി ആരോപിച്ചു.
ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയ സംഭവത്തെ ഗൗരവത്തോടെ കണ്ട് വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.കെ. സുരേഷ് ആവശ്യപ്പെട്ടു. ചെറുപുഴ മീന്തുള്ളിയിലെ തുരുത്തിൽ ഒറ്റപ്പെട്ടു പോയ ബെന്നിയെ സ്വന്തം ലൈഫ് ജാക്കറ്റ് നൽകി കരയ്ക്ക് എത്തിക്കുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്.